പത്ത് മാസമായി ശമ്പളമില്ല; യാമ്പുവില്‍ സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ ദുരിതത്തില്‍
|സ്വകാര്യ നിർമാണ കൺസ്ട്രക്ഷൻ കമ്പനിയായ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇന്ത്യൻ എംബസി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
പത്ത് മാസമായി ശമ്പളമില്ലാതെ യാമ്പുവില്‍ സ്വകാര്യ കമ്പനിയിലെ മുന്നൂറോളം തൊഴിലാളികള്‍. സ്വകാര്യ നിർമാണ കൺസ്ട്രക്ഷൻ കമ്പനിയായ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇന്ത്യൻ എംബസി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
യാമ്പുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടാതെ ദുരിതത്തിലായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 290 തൊഴിലാളികളാണ് ഇവിടെ ഉള്ളത്. ഏതാനും മലയാളികളടക്കം നൂറോളം ഇന്ത്യക്കാരും ലേബർ ക്യാമ്പിൽ ദിവസങ്ങൾ തള്ളി നീക്കി കഴിയുകയാണ്. പ്രശ്നം പരിഹരിക്കാൻ കാര്യമായി ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കമ്മ്യൂണിറ്റി വെൽഫെയർ അംഗം മുസ്തഫ മൊറയൂർ, കെ.എം.സി .സി ഹെൽപ് ഡെസ്ക് അംഗങ്ങളായ നാസർ നടുവിൽ ,അബ്ദുറസാഖ് നമ്പ്രം എന്നിവരുടെ ശ്രദ്ധയിൽ തൊഴിലാളികൾ പ്രശ്നം അവതരിപ്പിക്കുകയായിരുന്നു. ഇവർ ഇന്ത്യൻ എംബസി യുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമത്തിലാണ്. യാമ്പു ലേബർ കോടതിയിൽ തൊഴിലാളികൾ പരാതി നൽകിയിട്ടു ണ്ടെങ്കിലും കാര്യമായ നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കമ്പനിയിലെ ജോലിക്കാര്‍ പറയുന്നു. കോടതിയിൽ കേസ് വിളിക്കുമ്പോഴെല്ലാം കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ആരും ഹാജരാവാത്ത കാരണ ത്താൽ അനിശ്ചിതമായി കേസ് നീട്ടിവെക്കുന്ന അവസ്ഥയാണ് . ചിലരുടെ ഇഖമായുടെ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. കൊറിയന്‍ സ്വദേശികളായ കമ്പനി മേധാവിയും മറ്റു ഉദ്യോഗസ്ഥരും ഇതിനകം എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങിയതും പ്രശ്നങ്ങൾ ഏറെ സങ്കീർണമാക്കി. എംബസിയും ലേബർ ഓഫീസും ഇടപെട്ടാലേ തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളുവെന്ന് ഇന്ത്യൻ തൊഴിലാളി കൾ പറയുന്നു.