ഔഷധവില വർധിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി
|ഇറക്കുമതി മരുന്നുകളുടെ വില ഏകീകരണത്തിൽ ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ പരമോന്നത സമിതി എടുത്ത തീരുമാനത്തോട് കുവൈത്ത് പ്രതിബദ്ധത പുലർത്തുമെന്നും മന്ത്രി പറഞ്ഞു
ഔഷധവില വർധിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന്കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബി വ്യക്തമാക്കി. ഇറക്കുമതി മരുന്നുകളുടെ വില ഏകീകരണത്തിൽ ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ പരമോന്നത സമിതി എടുത്ത തീരുമാനത്തോട് കുവൈത്ത് പ്രതിബദ്ധത പുലർത്തുമെന്നും മന്ത്രി പറഞ്ഞു.
ഔഷധം രജിസ്റ്റർ ചെയ്ത രാജ്യത്തെ വിലയോ ജി.സി.സി രാജ്യങ്ങളിലെ കുറഞ്ഞ വിലയോ ആണ് ഈടാക്കുക.ഏറ്റവും കുറഞ്ഞ മരുന്ന് വില സൗദി അറേബ്യയിൽ ആയതിനാൽ കുറഞ്ഞ വില പരിഗണിക്കുമ്പോൾ സൗദിയിലെ വിലയായിരിക്കും ഈടാക്കുകയെന്നും മന്ത്രി വിശദീകരിച്ചു. ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മരന്തിമാരുടെ പരമോന്നത സമിതി തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സാലിഹ് ആശൂർ എം.പിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജമാൽ അൽ ഹർബി.
ഔഷധവില വർധിച്ചതായി വിവിധ മാധ്യങ്ങൾ വഴി പ്രചരിക്കുന്ന വിവരങ്ങൾ തീർത്തും തെറ്റാണ്. ചില മരുന്നുകൾക്ക് 45 ശതമാനം വില വർധിപ്പിക്കാൻ തീരുമാനമുണ്ട് എന്ന തരത്തിലാണ് പ്രചാരണം. അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല. 'കുവൈത്ത് ടുഡേ'യിൽ ജൂൺ 21ന് പ്രസിദ്ധീകരിച്ച 1,034 മരുന്നുകളുടെ വിലയിൽ ജിസിസി രാജ്യങ്ങൾക്കിടയിലെ ധാരണയുടെ അടിസ്ഥാനത്തിൽ വില കുറക്കുകയാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.