ഗള്‍ഫ് സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം കൂടി തുടരുമെന്ന് പഠനം
|എണ്ണവില തകര്‍ച്ച മൂലം രൂപപ്പെട്ട പ്രതികൂല സാഹചര്യം ഈ വര്‍ഷം പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളെ വേട്ടയാടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്...
ഗള്‍ഫ് സമ്പദ് ഘടനയെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ ഈ വര്‍ഷം മാറ്റമില്ലാതെ തുടരുമെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സൊസൈറ്റീസ് തയാറാക്കിയ വിപണി പ്രതികരണ സര്‍വേ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
എണ്ണവില തകര്‍ച്ച മൂലം രൂപപ്പെട്ട പ്രതികൂല സാഹചര്യം ഈ വര്‍ഷം പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളെ വേട്ടയാടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ കാലുഷ്യങ്ങളും വിപണിക്ക് ആഘാതമായി മാറിയിരിക്കുകയാണ്. ചെലവ് ചുരുക്കല്‍ നടപടികള്‍ വിപണിക്ക് തിരിച്ചടിയായി മാറിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ഓഹരി വിപണി വെല്ലുവിളി നേരിടുമ്പോള്‍ ദുബൈ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. എണ്ണ കേന്ദ്രീകൃത നയം തിരുത്തി വൈവിധ്യവത്കരണത്തിലേക്ക് സമ്പദ് ഘടനയെ കൊണ്ടു വരാനുള്ള ഗള്‍ഫ് നീക്കം ഭാവയില്‍ ഗുണപരമായ മാറ്റം രൂപപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മൂൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള പുതിയ വരുമാന മാര്‍ഗങ്ങള്‍ വിപണിക്ക് വലിയ തോതില്‍ തിരിച്ചടിയാകില്ലെന്ന വിലയിരുത്തലാണ് സര്‍വേയില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. എണ്ണ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഉണ്ടായ തൊഴില്‍ നഷ്ടം വൈകാതെ മറികടക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും വിദഗ്ധര്‍ പങ്കുവെച്ചു. അതേ സമയം സാമ്പത്തിക മേഖലയിലെ പ്രതികൂല ഘടകങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം കാരണം റിക്രൂട്ട്‌മെന്റുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.