ഒമാനിൽ എണ്ണയിതര കയറ്റുമതിയിൽ 31.4 % വർധനവ്
|എണ്ണവിലയിലുണ്ടായ ഉണർവ് പരോക്ഷമായി എണ്ണയിതര കയറ്റുമതിയിലെ വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍
ഒമാനിൽ എണ്ണയിതര കയറ്റുമതിയിൽ 31.4 ശതമാനത്തിന്റെ വർധനവ്. കഴിഞ്ഞ വർഷം ആദ്യ ഒമ്പതുമാസത്തെ കണക്കനുസരിച്ച് 2.36 ശതകോടി റിയാലിന്റെ വരുമാനമാണ് എണ്ണയിതര ഉത്പന്നങ്ങളിൽ നിന്ന് ലഭിച്ചത്. എണ്ണവിലയിലുണ്ടായ ഉണർവ് പരോക്ഷമായി എണ്ണയിതര കയറ്റുമതിയിലെ വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍.
പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെയും വില എണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇത്. ഇതിനൊപ്പം ധാതുക്കളുടെയും കെമിക്കൽ ഉത്പന്നങ്ങളുടെയും പ്ലാസ്റ്റിക്, റബർ തുടങ്ങിയവയുടെ കയറ്റുമതിയും വർധിച്ചതായി ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പറയുന്നു. ധാതുകയറ്റുമതിയിൽ നിന്ന് 640 ദശലക്ഷം റിയാലിന്റെ വരുമാനമാണ് ഉണ്ടായത്. ധാതു കയറ്റുമതിയിൽ പ്രതിവർഷം 51.5 ശതമാനത്തിന്റെ വർധനവാണ് ദൃശ്യമാകുന്നതെന്നും സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയുടെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഒമാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയാകട്ടെ ഒമ്പത് മാസ കാലയളവിൽ 21.8 ശതമാനം ഉയർന്ന് 9.14 ശതകോടി റിയാലായി. എണ്ണയിൽ നിന്നും പ്രകൃതി വാതകത്തിൽ നിന്നും ഇക്കാലയളവിൽ ലഭിച്ചത് 5.36 ശതകോടി റിയാലാണ്. വരുമാന വർധനവിന് ഒപ്പം കർശനമായ ചെലവുചുരുക്കൽ നടപടികൾ കൂടിയായപ്പോൾ ബജറ്റ്കമ്മിയിലും കുത്തനെ കുറവുണ്ടായിട്ടുണ്ട്.