ലുലു ഹൈപ്പർ മാർക്കറ്റിന്റെ ബഹ് റൈനിലെ ആറാമത് ശാഖ പ്രവർത്തനം തുടങ്ങി
|വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും വ്യവസായ പ്രമുഖരുമടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ ബഹ് റൈനിലെ ആറാമത് ശാഖ പ്രവർത്തനം ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും വ്യവസായ പ്രമുഖരുമടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ നൂറ്റി ഇരുപത്തി നാലാമത് ശാഖയാണ് ബഹ്റൈനിലെ സിഞ്ചിലെ ഗലേറിയയിൽ ആരംഭിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രി ഷൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം നിർവ്വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി സയിദ് അൽ സയാനി, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ, ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപാവാല, എക്സിക്യുട്ടീവ് ഡയരക്ടർ അഷ്റഫ് അലി എം.എ, റീജ്യണൽ ഡയരക്ടർ ജ്യൂസർ രൂപവാല തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. ലുലു ഹൈപ്പർ മാർക്കറ്റിന്റെ വളർച്ചക്ക് പിന്തുണ നൽകുന്ന ബഹ് റൈൻ ഭരണാധികാരികൾക്കും ജനതക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി നന്ദി പറഞ്ഞു. ബഹ് റൈനിൽ രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കുണ്ടായ വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്നും യൂസുഫലി കൂട്ടിച്ചേർത്തു. വിശാലമായ സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവമാണ് പുതിയ ശാഖയിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് വ്യത്തങ്ങൾ അറിയിച്ചു.