Gulf
പകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ്​ എടുക്കണംപകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ്​ എടുക്കണം
Gulf

പകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ്​ എടുക്കണം

Jaisy
|
6 April 2018 1:40 AM GMT

അബൂദബി ആരോഗ്യ സേവന കമ്പനിയുടെ കീഴിലുള്ള എല്ലാ ക്ലിനിക്കുകളിലും എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ്​ നൽകുമെന്ന്​ വകുപ്പ്​ അറിയിച്ചു

പകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ്​ എടുക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ നിർദേശിച്ചു. അബൂദബി ആരോഗ്യ സേവന കമ്പനിയുടെ കീഴിലുള്ള എല്ലാ ക്ലിനിക്കുകളിലും എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ്​ നൽകുമെന്ന്​ വകുപ്പ്​ അറിയിച്ചു. വയോധികർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ഗർഭിണികൾ, അഞ്ച്​ വയസ്സിന്​ താഴെയുള്ള കുട്ടികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്​ മുൻഗണന ലഭിക്കും.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ്​ പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിൻ നടത്തുന്നതെന്ന്​ ആരോഗ്യ വകുപ്പിലെ സാംക്രമികരോഗകാര്യ ഡയറക്​ടർ ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു. പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പെടുത്ത്​ ആരോഗ്യം സംരക്ഷിക്കണമെന്നും ഈ സാംക്രമികരോഗത്തിന്റെ വ്യാപനം ഇല്ലാതാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

2016-2017ൽ പകർച്ചപ്പനി പടരുന്ന കാലത്ത്​ അബൂദബി എമിറേറ്റിൽ 150,000ത്തിലധികം പേർ കുത്തിവെപ്പെടു​ത്തുവെന്നാണ്​ ആരോഗ്യ വകുപ്പിന്റെ കണക്ക്​. ഓരോ വർഷവും പരിഷ്​കരിക്കുന്ന വാക്​സിനിൽ മൂന്ന്​ വൈറസുകൾക്കെതിരെയാണ്​ പ്രതിരോധം നൽകുന്നത്​. ഈ വർഷം എച്ച്​.1എൻ1, എച്ച്​3എൻ2, പകർച്ചപ്പനി ബി എന്നീ വൈറസുകൾക്കെതിരെയാണ്​ പ്രതിരോധം.

സാംക്രമികരോഗങ്ങൾ സമൂഹത്തിൽ പടരുന്നത്​ തടയുന്നതിൽ വ്യക്തി ശുചിത്വത്തിലുള്ള പങ്ക്​ ആരോഗ്യ വകുപ്പ്​ എടുത്തു പറഞ്ഞു. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ വായയും മൂക്കും മറയ്ക്കുക, കൈകൾ പതിവായി വൃത്തിയോടെ കഴുകുക, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ ഒഴിവാക്കുക, രോഗം ബാധിച്ചവരുമായി നേരിട്ട്​ ഇടപഴകുന്നത്​ ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വകുപ്പ്​ അറിയിച്ചു.

Related Tags :
Similar Posts