ജനാദിരിയ പൈതൃകോത്സവം; ആഘോഷം മൂന്നാഴ്ചയാക്കി
|ഫെബ്രുവരി ഏഴിന് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 17 ദിവസമാണ് സന്ദര്‍ശനത്തിനായി നിശ്ചയിച്ചിരുന്നത്
സൗദിയുടെ സാംസ്കാരിക ആഘോഷമായ ജനാദിരിയ്യുടെ 32ാം വാര്‍ഷിക പരിപാടികള്‍ മൂന്നാഴ്ചത്തേക്ക് നീട്ടാന്‍ സല്മാന് രാജാവ് നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 17 ദിവസമാണ് സന്ദര്‍ശനത്തിനായി നിശ്ചയിച്ചിരുന്നത്. ഇത് മൂന്നാഴ്ചയായി നീട്ടാനാണ് പുതിയ നിര്‍ദ്ദേശം.
സംഘാടകരുടെയും സന്ദര്‍ശകരുടെയും വികാരവും താല്പര്യവും പരിഗണിച്ചാണ് രാജാവിന്റെ നിര്‍ദേശമെന്ന് നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അയ്യാഫ് പറഞ്ഞു. ഇന്ത്യ അതിഥി രാജ്യമായുള്ള ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് ഇന്ത്യയില്‍ നിന്നത്തെുന്ന വിദേശകാര്യ സംഘത്തെ മന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യന്‍ അംബാസഡറുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രണത്തിന്റെ ഭാഗമായി ശ്രദ്ധേയമായ സാംസ്കാരിക പരിപാടികള്‍ ഇന്ത്യന്‍ സംഘം കാഴ്ചവെക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. രാജാവിന്റെ നിര്‍ദ്ദേശത്തില്‍ സംഘാടകര്‍ നന്ദി അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന ദിവസത്തില്‍ ആദ്യ ദിനങ്ങള്‍ പുരുഷന്മാര്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് പുരുഷന്മാര്ക്ക് നിശ്ചയിച്ച ദിനങ്ങള്‍ക്ക് ശേഷം കുടുംബങ്ങള്‍ക്കുള്ള ദിനങ്ങളാണ്. ആദ്യം നിശചയിച്ചതനുസരിച്ച് ഫെബ്രുവരി എട്ട് മുതല്‍ 11 വരെയായിരുന്നു പുരുഷന്മാര്ക്കുള്ള ദിനങ്ങള്‍. 12 മുതല്‍ 23 വരെ കുടുംബങ്ങള്‍ക്കും. എന്നാല്‍ മൂന്നാഴ്ച നീട്ടിയ സാഹചര്യത്തിലുള്ള മാറ്റം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രാജാവിന്റെ നിര്‍ദേശത്തില്‍ സംഘാടകര്‍ നന്ദി അറിയിച്ചു.