സിഫ് - ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റ് പരിസമാപ്തിയിലേക്ക്
|ആവേശകരമായ സെമി ഫൈനൽ മത്സരങ്ങൾക്കാണ് കഴിഞ്ഞ ആഴ്ച സൗദി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്
ജിദ്ദയിൽ നടന്നുവരുന്ന പതിനെട്ടാമത് സിഫ് - ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റ് പരിസമാപ്തിയിലേക്ക്. ആവേശകരമായ സെമി ഫൈനൽ മത്സരങ്ങൾക്കാണ് കഴിഞ്ഞ ആഴ്ച സൗദി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിവിധ ഡിവിഷനുകളിലെ ഫൈനൽ മത്സരങ്ങൾ ഈ മാസം 9 നും 16 നുമായി നടക്കും.
കഴിഞ്ഞ മൂന്നര മാസക്കാലം ജിദ്ദ മലയാളികളുടെ വാരാന്ത്യങ്ങൾ ഫുട്ബാൾ മത്സരങ്ങളുടെ ആരവങ്ങളിലും ആവേശങ്ങളിലുമായിരുന്നു. പതിനെട്ടാമത് സിഫ് ഇൗസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിനെ ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുക തന്നെയായിരുന്നു. ജിദ്ദ - മദീന റോഡിൽ ഫൈസലിയയിലെ സൗദി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണമെന്റിൽ മാറ്റുരച്ചത് 32 ടീമുകൾ. നാല് ഡിവിഷനുകളായി തിരിച്ചു നടത്തിയ ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ കഴിഞ്ഞ ദിവസം സമാപിച്ചു.
A ഡിവിഷനിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ സി സി -ബി ടീം ജിദ്ദ ഫ്രെണ്ട്സ് ടീമിനെയും സബീൻ എഫ് സി ടീം ബ്ലൂ സ്റ്റാർ ബി ടീമിനെയും തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. ബി ഡിവിഷനിൽ ബ്ലൂ സ്റ്റാർ എ ടീമിനെ 3 -2 സ്‌കോറിൽ പരാജയപ്പെടുത്തി എ സി സി -എ ടീമും മക്ക ബിസിസി ടീമിനെ 2-1 നു പരാജയപ്പെടുത്തി ന്യൂ കാസിൽ ടീമും ഫൈനലിലെത്തി. സി ഡിവിഷനിൽ മഹ്ജർ എഫ്.സിയെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി യൂത്ത് ഇന്ത്യ എഫ് സിയും സോക്കർ ഫ്രീക്സ് സീനിയർ ടീമിനെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി ഫാൽക്കൺ എഫ് സി യും ഫൈനലിൽ ഇടം നേടി. ഡി ഡിവിഷൻ ഫൈനലിൽ സ്പോർട്ടിങ് യുണൈറ്റഡ് ടീമും സോക്കർ ഫ്രീക്‌സ് ടീമും തമ്മിൽ ഏറ്റുമുട്ടും. സി, ബി ഡിവിഷനുകളുടെ ഫൈനൽ മത്സരങ്ങൾ ഈ മാസം 9 നും എ, ഡി ഡിവിഷനുകളുടെ ഫൈനൽ 16 നുമാണ് നടക്കുക. സിഫ് ഇലവൻ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ടീമുകളുടെ പ്രദർശന മത്സരവും 9 നു നടക്കുന്ന ഫൈനൽ മത്സരത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.