Gulf
കഅ്ബക്ക് സമീപത്തെ താല്ക്കാലിക മതാഫ് പാലം പൊളിച്ചുമാറ്റികഅ്ബക്ക് സമീപത്തെ താല്ക്കാലിക മതാഫ് പാലം പൊളിച്ചുമാറ്റി
Gulf

കഅ്ബക്ക് സമീപത്തെ താല്ക്കാലിക മതാഫ് പാലം പൊളിച്ചുമാറ്റി

admin
|
8 April 2018 5:32 AM GMT

മൂന്നു വര്‍ഷം മുമ്പാണ് രണ്ടു നിലകളിലായി താല്‍ക്കാലിക പാലം നിര്‍മിച്ചിരുന്നത്. മതാഫ് വികസന ജോലികള്‍ പൂര്‍ണമാകുന്നതോടെ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് ഒരേ സമയം കഅബ പ്രദക്ഷിണം ചെയ്യാന്‍ സാധിക്കും.

മക്ക മസ്ജിദുല്‍ ഹറാമില്‍ കഅബക്ക് ചുറ്റും സ്ഥാപിച്ചിരുന്ന താല്‍ക്കാലിക മതാഫ് പാലം പൂര്‍ണമായും പൊളിച്ചുമാറ്റി. മൂന്നു വര്‍ഷം മുമ്പാണ് രണ്ടു നിലകളിലായി താല്‍ക്കാലിക പാലം നിര്‍മിച്ചിരുന്നത്. മതാഫ് വികസന ജോലികള്‍ പൂര്‍ണമാകുന്നതോടെ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് ഒരേ സമയം കഅബ പ്രദക്ഷിണം ചെയ്യാന്‍ സാധിക്കും.

മതാഫ് വികസന ജോലികളുടെ ഭാഗമായി പതിമൂന്നു മീറ്റര്‍ ഉയരത്തിലും പന്ത്രണ്ട് മീറ്റര്‍ വീതിയിലുമായാണ് താല്ക്കാലിക മതാഫ് പാലം നിര്‍മിച്ചിരുന്നത്. സൗദി ബിന്‍ലാദിന്‍ കമ്പനിയിലെ എണ്‍പത് എഞ്ചിനീയര്‍മാരും അഞ്ഞൂറ്റി എണ്‍പത് തൊഴിലാളികളും എട്ടു ഘട്ടങ്ങളായി മുപ്പത്തി അഞ്ചു ദിവസമെടുത്താണ് പാലം പൊളിച്ചുമാറ്റുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്. തീര്‍ഥാടകരുടെ ആരാധനാ കര്‍മങ്ങള്‍ക്ക് ഒരു തടസ്സവും നേരിടാതെ ആവശ്യമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയായിരുന്നു ജോലികള്‍ പുരോഗമിച്ചിരുന്നത്.

പാലം പൊളിച്ചുമാറ്റിയതോടെ നിലവില്‍ താഴെ നിലയില്‍ മാത്രം ഏകദേശം മുപ്പതിനായിരം പേര്‍ക്ക് ഒരേസമയം കഅബ പ്രദക്ഷിണം ചെയ്യാന്‍ സാധിക്കും. റമദാനില്‍ തീര്‍ഥാടക തിരക്ക് കണക്കിലെടുത്ത് പാലം പൊളിച്ചുമാറ്റിയ ഭാഗം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം 'ഖാദിമുല്‍ ഹറമൈന്‍' വികസന പദ്ധതിക്ക് കീഴിലെ പുതിയ നാല് പാലങ്ങളുടെ പണി കൂടി റമദാനില്‍ പൂര്ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നേരത്തെ നാല്‍പ്പത്തി എട്ടായിരം പേര്‍ക്ക് പ്രദക്ഷിണം ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്ന സ്ഥാനത്ത് മതാഫ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതോടെ ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് സൗകര്യം ഉണ്ടാകും. മതാഫ് വികസനത്തിന്റെ ഭാഗമായി പോളിച്ചുനീക്കിയ ഉസ്മാനിയ കെട്ടിട ഭാഗങ്ങള്‍ പുനസ്ഥാപിക്കുന്ന ജോലികളും ഉടനെ പൂര്‍ത്തിയാക്കുമെന്ന് പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ. വാഇല്‍ സ്വാലിഹ് അല്‍ ഹലബി അറിയിച്ചു.

Similar Posts