ഗള്‍ഫ് പ്രതിസന്ധി; സമവായ നീക്കങ്ങൾ വിജയം കണ്ടില്ലെന്ന് വിലയിരുത്തല്‍
|ഇരുവിഭാഗവും പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് അനുരഞ്ജന നീക്കത്തിന് തിരിച്ചടിയായത്.
ഗൾഫ് പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെ, കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ നടന്ന സമവായ നീക്കങ്ങൾ വിജയം കണ്ടില്ലെന്ന് വിലയിരുത്തൽ. ഇരുവിഭാഗവും പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് അനുരഞ്ജന നീക്കത്തിന് തിരിച്ചടിയായത്.
ഗൾഫ് ഐക്യം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരക്കിട്ട സമവായ നീക്കങ്ങൾക്കാണ് കുവൈത്ത് അമീർ ശൈഖ് സബാഹ് അഹ്മദ് അസ്സബാഹ് മുന്നിട്ടിറങ്ങിയത്. സൗദി, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെത്തി നേതാക്കളുമായി മണിക്കൂറുകൾ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാര ഫോർമുലയൊന്നും ഉരുത്തിരിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. രേഖാമൂലമുള്ള കൃത്യമായ ഉറപ്പുകളുടെ പുറത്തല്ലാതെ ബന്ധം പുന:സ്ഥാപിക്കാൻ സാധിക്കില്ലെന്നാണ് സൗദിയുടെ നിലപാട്.യു.എ.ഇയും ബഹ്റൈനും ഇതു ശരിവെക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന വാദം ആവർത്തിക്കുകയാണ് ഖത്തർ.
ഒമാനൊപ്പം ചേർന്ന് കുവൈത്ത് അമീർ ഒരിക്കൽ കൂടി സന്ധിസംഭാഷണത്തിന് രംഗത്തു വന്നേക്കും. ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുള്ളയും അമീറു തമ്മിൽ ഇതു സംബന്ധിച്ച് ചർച്ച നടന്നു. ജി.സി.സി തലത്തിൽ പ്രതിസന്ധി പരിഹരിക്കാൻ എത്രകണ്ട് സാധിക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
അതിനിടെ, അമേരിക്കൻ പ്രസിഡൻറ് ടെലിഫോണിൽ ഇരുപക്ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥ നീക്കത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ വൈറ്റ് ഹൗസിൽ തന്നെ ഇതിനു വേദിയൊരുക്കാം എന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.