വി.കെ സിംഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി
|വലിയ വിദേശി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്ങ്ങൾക്കു പരിഹാരം കാണാൻ കേന്ദ്ര മന്ത്രിയുടെ സന്ദർശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യാക്കാർ
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി. ഉഭയകക്ഷി സൗഹൃദം , കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങൾ എന്നിവ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്യും, രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്ങ്ങൾക്കു പരിഹാരം കാണാൻ കേന്ദ്ര മന്ത്രിയുടെ സന്ദർശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യാക്കാർ.
ഔദ്യോഗിക ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിൽ നിന്നും ഇന്ന് കാലത്തു ഒമ്പതു മണിക്കാണ് ജനറൽ വി.കെ സിംഗ് കുവൈത്തിലെത്തിയത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അഹമ്മദ് അൽ സബാഹ് വിദേശ കാര്യ സഹമന്ത്രി ഖാലിദ് സുലൈമാൻ ജാറല്ല എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി . ഉഭയകക്ഷി സൗഹൃദം , വിവിധ മേഖലകളിലെ സഹകരണം. മേഖലയിലെ പൊതു പ്രശ്ങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി . കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ , ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാശിഷ് ഗോൾഡാർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഭരണ തലത്തിലെ മറ്റു ഉന്നതരുമായും വി കെ സിങ് കൂടികക്കാഴ്ച നടത്തുമെന്നാണ് വിവരം. ബുധനാഴ്ച കാലത്തു എംബസ്സി അങ്കണത്തിൽ രാഷ്ട്ര പിതാവിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനം വി.കെ സിംഗ് നിർവഹിക്കും . വൈകീട്ട് അഞ്ചരക്ക് മാധ്യമ പ്രവർത്തകരെ കാണുമെന്നും എംബസ്സി അറിയിച്ചിട്ടുണ്ട് . ഏഴു മണിക്ക് എംബസ്സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവാസി പ്രതിനിധികളുടെ യോഗത്തിലും വി കെ സിങ് പങ്കെടുക്കും . കുവൈത്തിൽ താമസ രേഖകൾ ഇല്ലാതെ കഴിയുന്നവരെയും, സാങ്കേതിക കാരണങ്ങളാൽ നാടുകടത്തൽ കേന്ദ്രങ്ങളിലും എംബസ്സി ഷെൽട്ടറിലും കുടുങ്ങിക്കിടക്കുന്നവരെയും നാട്ടിലെത്തിലെത്തിക്കൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളിലെ ഇന്ത്യൻ തൊഴിലാളികളുടെ ശമ്പള പ്രശനം. നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയവ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും.