മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് കുവൈത്ത്
|മനുഷ്യക്കടത്ത് പോലുള്ള തെറ്റായ പ്രവണതകള്‍ രാജ്യത്ത് ഇല്ലാതാക്കുമെന്നും യുഎന്‍ യോഗത്തില്‍ കുവൈത്ത് വ്യക്തമാക്കി
മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് കുവൈത്ത്. മനുഷ്യക്കടത്ത് പോലുള്ള തെറ്റായ പ്രവണതകള്‍ രാജ്യത്ത് ഇല്ലാതാക്കുമെന്നും യുഎന്‍ യോഗത്തില്‍ കുവൈത്ത് വ്യക്തമാക്കി.മനുഷ്യക്കടത്തിനെ പ്രതിരോധിക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ അവലോകനം ചെയ്ത യോഗത്തിലാണ് കുവൈത്ത് നിലപാട് വ്യക്തമാക്കിയത്.
യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി ജസ്റ്റിസ് ബദർ അൽ മുനൈഖ് മനുഷ്യാവകാശപ്രശ്നങ്ങളിലുള്ള കുവൈത്ത് നിലപാട് വിശദീകരിച്ചത്. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും അർഹമായ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് രാജ്യത്തിന്റെ സമീപനം. ഇതിന് വിരുദ്ധമായി കാണുന്ന പ്രവണതകൾ ഇല്ലാതാക്കാനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും രാജ്യത്ത് ശക്തമായ നിയമവ്യവസ്ഥയുണ്ട്. സ്വദേശികളുടേതെന്നത് പോലെ വിദേശ തൊഴിലാളികളുടെ തൊഴിൽ വേതന വ്യവസ്ഥകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. സ്വകാര്യ,ഗാർഹിക മേഖലകളിൽ വിദേശികൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ വകുപ്പുകളും രാജ്യത്തുണ്ട്. മനുഷ്യക്കടത്ത് കുറ്റത്തിന് പിടിക്കപ്പെടുന്നവരെ 15 വർഷം വരെ തടവിലിടാനുള്ള നിയമഭേദഗതി വരുത്തിയ കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു. വിഷൻ 2030 എന്ന പേരിൽ നടക്കുന്ന വികസന പദ്ധതികൾ ലക്ഷ്യം കാണുന്നതോടെ കുവൈത്ത് ഇക്കാര്യത്തിൽ പൂർണ വിജയം കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.