കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 29000 വിദേശികളെ നാടുകടത്തി
|നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഇന്ത്യക്കാരാണ്
കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 29000 വിദേശികളെ നാടുകടത്തി . നാടുകടത്തപ്പെട്ടവരിൽ കൂടുതൽ ഇന്ത്യക്കാരാണ്. വിവിധ കേസുകളില്‍ 31,000 വിദേശികളെ പോയ വർഷം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.
ഇഖാമ പരിശോധനയിൽ പിടിയിലായവർ, കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നിങ്ങനെ വിവിധ വകുപ്പുകളിലായാണ് 29000 വിദേശികളെ 2017 ൽ നാടുകടത്തിയത് അതായത് പ്രതിദിനം ശരാശരി 85 പേർ വീതം. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യാക്കാരാണ് കൂടുതല്‍. ഏകദേശം 9000ത്തിലധികം ഇന്ത്യക്കാർ ഒരു വർഷത്തിനകം നാടുകടത്തപ്പെട്ടു. ഈജിപ്തുകാർ, ഫിലിപ്പീനികൾ, എത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്ക ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മദ്യം, മയക്കുമരുന്നുകേസുകളിലകപ്പെട്ടവരാണ് കയറ്റി അയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. വിവിധ കേസുകളുടെ പേരിൽ 240 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 31000 വിദേശികളെ കഴിഞ്ഞ വർഷം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു . താമസകാര്യ വകുപ്പിന്റെ കണക്കു പ്രകാരം 2016ൽ നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കപ്പെട്ടവരുടെ പ്രതിദിന ശരാശരി 54 ആയിരുന്നു