യുഎഇയില്‍ മധ്യാഹ്നവിശ്രമം അവസാനിക്കുന്നു
|ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് തൊഴില്‍ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്.
കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് യുഎഇയില്‍ ഏര്‍പ്പെടുത്തിയ മധ്യാഹ്നവിശ്രമ നിയമം അടുത്ത ദിവസം അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് തൊഴില്‍ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്.
മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ച കാലയളവില്‍ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്നായിരുന്നു നിര്‍ദേശം. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയത്.
രാജ്യത്ത് വേനല്‍ ചൂട് ശമിച്ച് തുടങ്ങിയിട്ടേയുള്ളു. 38 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച യു.എ.ഇയില്‍ രേഖപ്പെടുത്തിയ ശരാശരി കൂടിയ ചൂട്. കഴിഞ്ഞമാസം ചൂട് 50 ഡിഗ്രി കടന്നിരുന്നു. തൊഴിലാളികള്‍ക്ക് ഏറെ അനുഗ്രഹമായിരുന്ന ഈ നിയമം പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ നിഷകര്‍ഷ പുലര്‍ത്തിയതായി മന്ത്രാലയം വിലയിരുത്തി. മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 99.8 ശതമാനം കമ്പനികളും ഉച്ചവിശ്രമ നിയമം പാലിച്ചിച്ചു. 47 കമ്പനികളാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.
നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ലഭിക്കും ഉച്ച വിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ തൊഴിലാളി ഒന്നിന് 5000 ദിര്‍ഹമാണ് പിഴ. കൂടുതല്‍ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തി പ്രവര്‍ത്തനാനുമതി തടയും. നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ 18 സംഘങ്ങളെ രാജ്യത്ത് നിയോഗിച്ചിരുന്നു.