ഭക്ഷണം പാഴാക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ദുബൈ നഗരസഭ
|ഭക്ഷ്യ ഉൽപാദകരോ ഉപഭോക്താക്കളോ ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനമാണ് യു.എ.ഇ ഭക്ഷ്യബാങ്കും നഗരസഭയും ചേർന്ന് മുന്നോട്ടുവെക്കുന്നത്
ഭക്ഷണം പാഴാക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ദുബൈ നഗരസഭ. ഭക്ഷ്യ ഉൽപാദകരോ ഉപഭോക്താക്കളോ ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനമാണ് യു.എ.ഇ ഭക്ഷ്യബാങ്കും നഗരസഭയും ചേർന്ന് മുന്നോട്ടുവെക്കുന്നത്.
ഒക്ടോബർ 16ന് സീറോ ഫുഡ് വേസ്റ്റ് എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമ ക്യാമ്പയിനും ഭക്ഷണവിതരണം, ബോധവത്കരണം, വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണം പാഴാവുന്നത് തടയാൻ ഉതകുന്ന ആശയങ്ങളും കർമ പദ്ധതയികളും മുന്നോട്ടുവെക്കാൻ സ്ഥാപനങ്ങളോടും വ്യക്തികളോടും നഗരസഭ നിർദേശിച്ചിട്ടുണ്ട്. www.foodsafetydubai.com വെബ്സൈറ്റിൽ സീറോ ഫുഡ്വേസ്റ്റ് എന്ന വിഭാഗത്തിലാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. പൊതുജനങ്ങൾക്കും ദുബൈ നഗരസഭാ ജീവനക്കാർക്കും ഏറ്റവും മികച്ച ആശയം മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ആശയങ്ങളുടെ സ്ക്രീൻഷോട്ടുകൾ UAEfoodbank@dm.gov.ae എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
സ്കൂളുകൾക്ക് ഭക്ഷണം പാഴാക്കലിനെതിരെ പോസ്റ്ററുകളും വീഡിയോയും തയ്യാറാക്കി സമർപ്പിക്കാം. നഗരത്തിന്റെ വിവിധ കോണുകളിൽ സ്ഥാപിച്ച ഫ്രിഡ്ജുകളിൽ ഭക്ഷണം നിറച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കലാണ് ഭക്ഷ്യദിനത്തോടനുബന്ധിച്ച മറ്റൊരു പ്രവർത്തനം. ദുബൈയിലും യുഎഇയിൽ ആകമാനവും ഭക്ഷണം പാഴാവുന്നത് തടയാൻ വ്യക്തികളും സർക്കാരും കഴിയുന്നത്ര പരിശ്രമിക്കണമെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി.