Gulf
ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞുആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു
Gulf

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു

admin
|
16 April 2018 2:34 PM GMT

ദോഹ ചര്‍ച്ച പരാജയപ്പെട്ടതോടെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വീണ്ടും ഇടിവ്.

ദോഹ ചര്‍ച്ച പരാജയപ്പെട്ടതോടെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വീണ്ടും ഇടിവ്. ഇടക്കാലത്ത് വിപണിയില്‍ രൂപപ്പെട്ട വിലവര്‍ധന നല്‍കിയ പ്രത്യാശ കൂടിയാണ് ഇതോടെ തകര്‍ന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്ഘടനക്ക് ഈ സാഹചര്യം കൂടുതല്‍ ആഘാതമാകും.

ഉല്‍പാദനത്തില്‍ നിയന്ത്രണം വരുത്തി വിപണിയില്‍ വിലവര്‍ധന ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഒപെകിലെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഞായറാഴ്ച ദോഹയില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ അവസാന നിമിഷം ഇറാന്‍ വിട്ടുനിന്നതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ 5 ശതമാനം വരെ കുറവ് സംഭവിച്ചത് വലിയ നടുക്കമായി മാറി. ബാരലിന് 40 ഡോളറിന് തൊട്ടു മുകളിലേക്കാണ് നിരക്ക് കൂപ്പുകുത്തിയത്. കൂട്ടായ നീക്കത്തിലൂടെ അല്ലാതെ ഒറ്റക്ക് ഉല്‍പാദനം കുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സൗദിയുടേത്. ഇറാന്‍ ഗണ്യമായ തോതില്‍ ഉല്‍പാദനം ഉയര്‍ത്തുകയും അതേസമയം നിയന്ത്രണത്തിന്റെ പേരില്‍ വിപണിയില്‍ തങ്ങളുടെ എണ്ണവിഹിതം കുറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് സൗദി പറയുന്നു.

സൗദിക്കും ഇറാനും ഇടയില്‍ സമവായം കൊണ്ടുവരാന്‍ റഷ്യ നടത്തിയ നീക്കവും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിപണിയിലേക്ക് വന്‍തോതില്‍ എണ്ണ വീണ്ടും പ്രവഹിക്കുകയും വിലത്തകര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന സൗദിക്കും ഇറാനും ഇടയില്‍ സമവായത്തിന് സാധ്യത ഇല്ലാതായതും എണ്ണവിലത്തകര്‍ച്ച തുടരുന്നതിലേക്കാവും നയിക്കുക.

Similar Posts