നിയമങ്ങൾ ലംഘിച്ച് 75,000 വിദേശികൾ കുവൈത്തിൽ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം
|റസിഡൻഷ്യൽ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി-ആടുവളർത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന അത്തരക്കാരെ പിടികൂടാൻ നടപടി ആവിഷ്കരിച്ചതായും അധികൃതർ അറിയിച്ചു
താമസാനുമതി/തൊഴിൽ നിയമങ്ങൾ ലംഘിച്ച് ഏകദേശം 75,000 വിദേശികൾ കുവൈത്തിൽ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം. റസിഡൻഷ്യൽ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി-ആടുവളർത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന അത്തരക്കാരെ പിടികൂടാൻ നടപടി ആവിഷ്കരിച്ചതായും അധികൃതർ അറിയിച്ചു.
കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം 31,000 വിദേശികളെ നാടുകടത്തിയതായി സുരക്ഷാ വിഭാഗം അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതനുസരിച്ച് ദിവസം ശരാശരി 85 പേരെയും പതിനഞ്ച് മിനിറ്റിനുള്ളിൽ ഒരാളെയും നാടുകടത്തിയെന്നാണ് കണക്ക്. കഴിഞ്ഞവർഷം നാടുകടത്തപ്പെട്ടവരിൽ 24% ഇന്ത്യക്കാരാണ്. ഈജിപ്‌തുകാർ 20ശതമാനവും ഫിലിപ്പീൻസുകാർ 15ശതമാനവും ഇത്യോപ്യക്കാർ 14ശതമാനവുമുണ്ട്.
ശ്രീലങ്കക്കാർ ഏഴുശതമാനം. ആറുശതമാനം ബംഗ്ലദേശുകാരാണ്. ആറ് രാജ്യങ്ങളിൽനിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ 86 ശതമാനവും. ആരോഗ്യക്ഷമതയില്ലാത്തതിന്റെ പേരിൽ നാടുകടത്തപ്പെട്ടവരാണ് പതിനായിരം പേർ. മെഡിക്കൽ പരിശോധനയിൽ അൺഫിറ്റ് ആയവരെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നാടുകടത്തൽ. എയ്ഡ്സ് ബാധിതരായ 15 പേരെയും നാടു കടത്തി. ആരോഗ്യപരമായ കാരണത്താൽ നാടുകടത്തപ്പെട്ട അറബ് വംശജരിൽ അധികവും ഹെപ്പറ്റൈറ്റിസ് ബാധിതരാണ്.
താമസാനുമതി നിയമം, തൊഴിൽ നിയമം എന്നിവയ്ക്ക് പുറമെ ഗതാഗത നിയമം ലംഘിച്ചവർ, തട്ടിപ്പുകാർ, ലഹരിവസ്തുക്കൾ ഇടപാട് നടത്തിയവർ, മദ്യവിൽപന തുടങ്ങിയവയ്ക്ക് പിടിയിലായവരും നാടുകടത്തപ്പെട്ടവരിലുണ്ട്. നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നവരെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കകം കയറ്റിവിടാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യാത്രാരേഖയും ടിക്കറ്റും ക്രമപ്പെടുത്തുന്നതിനാണ് ഒരാഴ്ച സമയമെടുക്കുന്നത്.
ജയിലിനകത്തെ ട്രാവൽ ഓഫിസിൽനിന്ന് ടിക്കറ്റെടുത്തും യാത്രാരേഖകൾ സമയത്ത് ഹാജരാക്കിയും ചില സ്പോൺസർമാർ സഹകരിക്കാറുണ്ട്. അത്തരക്കാരെ മൂന്നുദിവസത്തിനകം കയറ്റി അയയ്ക്കാനാകും. നാടുകടത്തൽ കേന്ദ്രത്തിൽ മൂന്നും നാലും മാസം കഴിയേണ്ടിവരുന്നുവെന്ന് പരാതിപ്പെടുന്നവർ അവർക്കെതിരായ കേസുകൾ തീർപ്പാകാത്തതാണ് കാരണമെന്നത് അറിയാതെയാണ് പരാതിപ്പെടുന്നത്. കേസുണ്ടെങ്കിൽ കോടതി വിധി വരാതെ നാടുകടത്തൽ സാധ്യമാകില്ലെന്നും അധികൃതർ പറഞ്ഞു.