ജനാദിരിയ പൈതൃകോത്സവത്തിന് എത്തുന്നവരില്‍ 75 ശതമാനവും സ്ത്രീകള്‍
|ആദ്യ അഞ്ച് ദിനം ബാച്ചിലേഴ്‌സിന് മാത്രമാണ് പൈതൃക ഗ്രാമത്തില്‍ പ്രവേശനം നല്‍കിയത്. പിന്നീടുള്ള ദിനങ്ങളെല്ലാം കുടുംബത്തിനായി മാറ്റിവെച്ചു.
സൗദിയിലെ ജനാദിരിയ പൈതൃകോത്സവത്തിന് എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വനിതകളുടെ നേതൃത്വത്തിലുള്ള വാണിജ്യ സ്ഥാപനങ്ങളും മേളയില്‍ സജീവമാണ്. സൗദിയിലെ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ ഫലം കാണുന്നുവെന്നാണ് സ്ത്രീ സാന്നിധ്യം തെളിയിക്കുന്നത്.
വനിതാ ശാക്തീകരണം ശക്തമാക്കിയ ഒരു വര്‍ഷം പിന്നിടുകയാണ് സൗദിയില്‍. ഇതിന്റെ പ്രതിഫലനമുണ്ട് ജനാദ്രിയ പൈതൃക ഗ്രാമത്തില്‍. ഇത്തവണ ഇതുവരെ ആറ് ലക്ഷത്തിലേറെ പേര്‍ പൈതൃകോത്സവത്തിനെത്തി. ഇതില്‍ 75 ശതമാനവും സ്ത്രീകളാണ്. പൈതൃക ഗ്രാമത്തിലെ കലാവിരുന്നുകളുടെ ഓരോ ചെറുകൂട്ടത്തെയും വലയം ചെയ്ത കാഴ്ചക്കാരും സ്ത്രീകള്‍ തന്നെ.
പൈതൃക ഗ്രാമത്തിലെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഇവര്‍ തന്നെ. ജനാദ്രിയയിലെ വിവിധ പ്രവിശ്യകളില്‍ വ്യാപാരത്തിനുള്ളതും സ്ത്രീകള്‍ തന്നെ. ആദ്യ അഞ്ച് ദിനം ബാച്ചിലേഴ്‌സിന് മാത്രമാണ് പൈതൃക ഗ്രാമത്തില്‍ പ്രവേശനം നല്‍കിയത്. പിന്നീടുള്ള ദിനങ്ങളെല്ലാം കുടുംബത്തിനായി മാറ്റിവെച്ചു. പിന്നാലെ കുടുംബങ്ങളുടെ കുത്തൊഴുക്കാണ് ജനാദ്രിയ ഗ്രാമം കണ്ടത്. ഇനി എട്ട് ദിവസം കൂടിയുണ്ടാകും പൈതൃക ഗ്രാമത്തിലെ ആഘോഷങ്ങള്‍. അവസാന ആഴ്ചയോടെ പത്ത് ലക്ഷത്തിലേറെ പേര്‍ ഇവിടെയെത്തും.