ഇന്ത്യയുടെ ഇ- മൈഗ്രേറ്റ് പദ്ധതിക്ക് എതിരെ യുഎഇ
|യുഎഇ കമ്പനികളെ കുറിച്ച് വിവരം ശേഖരിക്കുന്നത് രാജ്യത്തി ന്‍റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതെന്ന് അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന
ഇന്ത്യയുടെ ഇ- മൈഗ്രേറ്റ് പദ്ധതിയുഎഇയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് യുഎഇ അംബാസാഡര്‍. ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ ഇ-മൈഗ്രേറ്റിനെതിരേ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന പ്രതികരിച്ചത്.
തൊഴിലിടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ച് പ്രവാസികളില്‍നിന്ന് ആയിരക്കണക്കിനു പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ 2015-ലാണ് വിദേശകാര്യമന്ത്രാലയം ഇ-മൈഗ്രേറ്റ് പ്രോഗ്രാം ആരംഭിച്ചത്. പ്രവാസി തൊഴിലാളികളെക്കുറിച്ചും അവര്‍ ജോലി ചെയ്യുന്ന കമ്പനികളെക്കുറിച്ചും തൊഴില്‍ ഉടമകളെക്കുറിച്ചും റിക്രൂട്ടിങ് ഏജന്റുമാരെക്കുറിച്ചും വിശദമായ വിവരശേഖരണമായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.
യുഎഇ കമ്പനികളെക്കുറിച്ച് ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് യുഎഇയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നാണ് ഡോ. അഹമ്മദ് അല്‍ ബന്നയുടെ കുറ്റപ്പെടുത്തൽ. വിഷയം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മുമ്പ് സൗദി അറേബ്യയും ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതാണ്. ഇ-മൈഗ്രേറ്റ് പരിപാടിയുടെ ഭാഗമായി യുഎഇ കമ്പനികളില്‍ പരിശോധന നടത്തുന്നത് ഉടൻ അവസാനിപ്പിക്കണം. ചില വിവരങ്ങള്‍ ശേഖരിക്കാനുള്ള അധികാരം യുഎഇ സര്‍ക്കാരിൽ നിക്ഷിപ്തമാണ്. മറ്റ് എംബസികള്‍ക്കോ കോണ്‍സുലേറ്റുകള്‍ക്കോ പരിശോധന നടത്താന്‍ കഴിയില്ല. ഇത് ഇന്ത്യയുടെ ജോലിയല്ലെന്നും അതേ സമയം ആവശ്യമുള്ള വിവരങ്ങള്‍ കൈമാറാന്‍ യുഎഇ അധികൃതര്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.