ഫൈനല്‍ എക്സിറ്റ് ലഭിച്ച വിദേശികള്‍ റമദാന്‍ അവസാനിക്കുന്നതോടെ രാജ്യം വിടണമെന്ന് സൌദി
|പൊതുമാപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് വിസയും റദ്ദാകും
പൊതുമാപ്പിന്റെ ഇളവില്‍ ഫൈനല്‍ എക്സിറ്റ് ലഭിച്ച വിദേശികള്‍ റമദാന്‍ അവസാനിക്കുന്നതോടെ രാജ്യം വിടണമെന്ന് സൌദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് വിസയും റദ്ദാകും. അതേ സമയം സീസണ്‍ ആയതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് ലഭിക്കാതെ പ്രയാസപ്പെടുകയാണ് എക്സിറ്റ് ലഭിച്ചവരില്‍ പലരും.
പൊതുമാപ്പ് ആരംഭിച്ചത് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സൌദി പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ഫൈനല്‍ എക്സിറ്റിന് അനുമതി ലഭിച്ച മുഴുവന്‍ പേരും ശവ്വാല്‍ ഒന്നിന് മുന്‍പായി രാജ്യം വിടണം. അല്ലാത്തവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. നിമയ ലംഘകരായി പരിഗണിച്ച് ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം മേധാവി സുലൈല്‍മാന്‍ അല്‍ യഹ്യ വ്യക്തമാക്കി. വിരലടയാളം രേഖപ്പെടുത്തി സൌദിയിലേക്ക് തിരിച്ചു വരാനാവാത്ത വിധം നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫൈനല്‍ എക്സിറ്റ് ലഭിച്ചവര്‍ എത്രയും വേഗം സൌദിയില്‍ നിന്നും മടങ്ങണമെന്നും സുലൈമാന്‍ അല്‍ യഹ്യ ആവശ്യപ്പെട്ടു. റമദാന്‍ അവസാനിക്കുന്നതോടെ പാസ്പോര്‍ട്ട് വിഭാഗം ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റദ്ദാക്കും. അതോടെ ഇവര്‍ പൊതുമാപ്പിന്‍റെ ഇളവിന് അര്‍ഹരല്ലാത്തായി തീരുകയും ചെയ്യും.പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ തൊഴില്‍ താമസ നിയമ ലംഘകരായി പരിഗണിക്കും. പിഴ, ജയില്‍ വാസം, നാടുകടത്തല്‍ എന്നിവയാണ് ഇവര്‍ക്കുള്ള ശിക്ഷ. എക്സിറ്റ് നേടിയിട്ടും നാട്ടിലേക്ക് പോകാതെ യാത്ര നീട്ടിവെച്ചരാണ് ഇതോടെ ദുരിതത്തിലായത്. പെരുന്നാള്‍ അവധി കാരണം വിമാന യാത്രക്ക് തിരക്ക് വര്‍ദ്ധിച്ചതോടെ ടിക്കറ്റ് ലഭിക്കാതെ പലരും പ്രയാസപ്പെടുന്നുണ്ട്. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലേക്കും നിലിവില്‍ നാലായിരം റിയാലിനടുത്താണ് ഒരു ഭാഗത്തേക്കുള്ള യാത്രനിരക്ക്.
നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതിനാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് പാസ്പോര്‍ട്ട് വിഭാഗം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അതേ സമയം അവസാന ദിവങ്ങളില്‍ എക്സിറ്റ് ലഭിച്ചവര്‍ക്ക് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.