ഖത്തറിനെതിരെ വിമര്‍ശവുമായി യുഎഇ
|രാഷ്ട്രീയപ്രശ്നത്തെ മനുഷ്യാവകാശവുമായി ബന്ധിപ്പിക്കാനുള്ള ഖത്തറിന്റെ നീക്കം അസ്വീകാര്യമെന്നും യു.എ.ഇ
രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു പകരം യാഥാർഥ്യങ്ങളിൽ നിന്ന്ഒളിച്ചോടുന്ന ഖത്തർ നയം വിജയിക്കില്ലെന്ന് യു.എ.ഇ. ഉപരോധത്തിലൂടെ മനുഷ്യാവകാശലംഘനം നടക്കുന്നതായ ആരോപണം ഉന്നയിച്ച് മുഖം രക്ഷിക്കാൻ ഖത്തറിന് കഴിയില്ലെന്നും യു.എ.ഇ വ്യക്തമാക്കി.
സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ നടപടികൾ വ്യാപക മനുഷ്യാവകാശലംഘനമാണെന്ന്ചൂണ്ടിക്കാട്ടി ഖത്തർ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിന് പരാതികൾ ലഭിച്ചതായും അന്താരാഷ്ട്ര നീതിന്യായ കോടതിക്കും മറ്റും മുമ്പാകെ പ്രശ്നം അവതരിപ്പിക്കുമെന്നും ഖത്തർ നേതൃത്വം വ്യക്തമാക്കി. ആംനസ്റ്റിയെ പ്രശ്നത്തിൽ ഇടപെടുവിക്കാനും നീക്കമുണ്ട്. ഈ സാഹചര്യത്തിലാണ് യു.എ.ഇയുടെ വിശദീകരണം.
രാഷ്ട്രീയ പ്രശ്നത്തെ മനുഷ്യാവകാശവുമായി ബന്ധിപ്പിക്കാനുള്ള നീക്കം അസ്വീകാര്യമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് ട്വീറ്റ് ചെയ്തു. തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാടാണ് പ്രശ്നം ഇത്രയേറെ വഷളാക്കിയത്എന്നിരിക്കെ, അക്കാര്യത്തിൽ തന്നെയാണ് തിരുത്തു വേണ്ടത്. യു.എ.ഇയും മറ്റും കൈക്കൊണ്ട നടപടികൾ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. അല്ലാതെ ഖത്തർ ഭരണകൂടത്തെ അട്ടിമറിക്കുകയല്ല ലക്ഷ്യമെന്നും യു.എ.ഇ വ്യക്തമാക്കി.
പരാതികൾ കേൾക്കാനും സമവായ നീക്കങ്ങളോട് സഹകരിക്കാനും സന്നദ്ധമാണെന്ന ഖത്തറിന്റെ പ്രസ്താവനയെ താൽപര്യപൂർവം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഉപരോധത്തിലെ രാഷ്ട്രീയത്തിനപ്പുറം മാനുഷിക പ്രശ്നങ്ങളെയാണ് തങ്ങള്‍ ഗൗരവമായി കാണുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി പറഞ്ഞത്. പ്രശ്നപരിഹാരാര്‍ത്ഥം കുവൈറ്റുമായി ഖത്തറും അമേരിക്കയും ചര്‍ച്ച നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ഉപരോധം രാജ്യത്തെ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ എല്ലാ മേഖലയിലും നടന്നു വരുന്നുണ്ട്.
ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായി കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ഥാനി അറിയിച്ചത്. ഖത്തറും അമേരിക്കയും കുവൈത്ത് അമീറുമായി നിരന്തരം ആശയവിനിമയും ചര്‍ച്ചകളും നടത്തുന്നുണ്ട്. ഏത് കാര്യവും ചര്‍ച്ച ചെയ്യാന്‍ രാജ്യം സന്നദ്ധമാണ്. എന്നാല്‍ ചര്‍ച്ചക്ക് തയ്യാറായിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധത്തെ തുടര്‍ന്ന് പൗരന്മാര്ക്കും ജനങ്ങള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിലാണ് രാജ്യം ശ്രദ്ധചെലുത്തുന്നത്. ദോഹയ്ക്കെതിരെ സഊദി അറേബ്യയും കൂട്ടരും സ്വീകരിച്ചിരിക്കുന്ന ഉപരോധം നിയമവിരുദ്ധവും നീതിയുക്തമല്ലാത്തതുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഫ്രാന്‍സില്‍ പറഞ്ഞു. അതിനിടെ ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്
ഉപരോധത്തില്‍ അയവ് വരുത്തണമെന്ന് ബ്രിട്ടന് ആവശ്യപ്പെട്ടു. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ പ്രസ്താവന. സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരായും ജോണ്സണ് ഈ ആഴ്ച ചര്‍ച്ച നടത്തും. നേരത്തെ ജര്‍മ്മനിയും അമേരിക്കയും ഖത്തറിനെതിരായ ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമഉപരോധം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്സ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സിയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്(ഐസിഎഒ) മുമ്പാകെയാണ് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഒമാനിലെ സൊഹാര്‍, സലാല എന്നിവിടങ്ങളില്‍ നിന്നായി പന്ത്രണ്ടോളം ചരക്ക് കപ്പലുകള്‍ ഖത്തറിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നൂറോളം കണ്ടെയ്നറുകളിലായി ശിതീകരിച്ചതും അല്ലാത്തതുമായ ഉന്നത ഗുണനിലവാരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളാണ് രാജ്യത്തേക്ക് എത്തുന്നത്.