ഇന്ത്യന് വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണം
|കുവൈത്തിൽ എത്തുന്ന ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ആർക്കും വീസ നൽകരുതെന്നാണ് അഭ്യർഥിച്ചിട്ടുള്ളതെന്ന് എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യു.എസ്.സിബി അറിയിച്ചു
ഇന്ത്യയിൽ നിന്നുള്ള വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കുവൈത്തിൽ എത്തുന്ന ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ആർക്കും വീസ നൽകരുതെന്നാണ് അഭ്യർഥിച്ചിട്ടുള്ളതെന്ന് എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യു.എസ്.സിബി അറിയിച്ചു.
വനിതകളെ ഗാർഹികത്തൊഴിലിനു വിദേശത്തേക്ക് അയയ്ക്കുന്നതിനോട് താത്വികമായ വിയോജിപ്പ് ഇന്ത്യാ ഗവൺമെന്റിനുണ്ട്. തൊഴിൽ നേടി പോകുന്നവർ പലവിധത്തിലും പീഡിപ്പിക്കപ്പെടുന്നതാണ് ഒരു കാരണം. ഇന്ത്യൻ സമൂഹം 'ഗാർഹികത്തൊഴിലാളി' സമൂഹമായി ചിത്രീകരിക്കപ്പെടുന്നത് ഇല്ലാതാക്കുക എന്നതാണ് മറ്റൊരു കാരണം.ഗാർഹികത്തൊഴിലാളി വനിതകളുടെ സംരക്ഷണം സംബന്ധിച്ചു വ്യക്തമായ നിലപാട് ഉണ്ടാകുന്നതുവരെ കൂടുതൽപേരെ ഈ മേഖലയിൽ തൊഴിലിനായി കൊണ്ടുവരുന്നതിനോട് ഇന്ത്യൻ എംബസിക്കും താൽപര്യമില്ല. ഇക്കാര്യം സ്ഥാനമൊഴിയുന്ന സ്ഥാനപതി സുനിൽ ജെയിൻ കുവൈത്ത് വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിട്ടുണ്ട്.
ഖറാഫി നാഷനിലെ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ തീരുമാനം എളുപ്പത്തിൽ കൈക്കൊള്ളണമെന്നും സ്ഥാനപതി അഭ്യർഥിച്ചതായി സെക്കൻഡ് സെക്രട്ടറി അറിയിച്ചു. പുനരാരംഭിച്ചത് 3 വർഷത്തിനു ശേഷം ഒരു മാസത്തിനിടെ 4320 വീസ മൂന്നു വർഷമായി കുവൈത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറില്ല. വനിതകളെ ഗാർഹികത്തൊഴിലിനു റിക്രൂട്ട് ചെയ്യുന്നതിനു സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ മാസം ബാങ്ക് ഗ്യാരന്റി നിബന്ധന പിൻവലിച്ചതോടെ ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികൾക്കു കുവൈത്ത് വീസ നൽകിത്തുടങ്ങി. ഏതാണ്ട് ഒരു മാസത്തിനിടെ 4320 ഇന്ത്യൻ വനിതകൾക്കാണ് വീസ നൽകിയത്.