ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിച്ചാൽ നാടുകടത്തുമെന്ന് കുവൈത്ത്
|ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേണൽ ആദിൽ അൽ ഹശ്ശാശ് ഇക്കാര്യം വ്യക്തമാക്കിയത്
ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിച്ചാൽ നാടുകടത്തുമെന്ന് കുവൈത്ത് പൊലീസ് . സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംങിനിടെ മൊബൈൽ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ രണ്ടിൽ കൂടുതൽ ആവർത്തിക്കുന്ന വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി കേണൽ ആദിൽ അൽ ഹശ്ശാഷ് പറഞ്ഞു .
ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേണൽ ആദിൽ അൽ ഹശ്ശാശ് ഇക്കാര്യം വ്യക്തമാക്കിയത് . മുൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെല്റ്റ്ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക , നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കുമെന്ന നിയമത്തിന്റെ ഭാഗമാണ് നാടുകടത്തൽ നടപടിയും. യാത്രാനീക്കം തടസ്സപ്പെടുത്തുന്ന നിലയിൽ വാഹനമോടിക്കുക, റെഡ് സിഗ്നൽ കട്ട് ചെയ്യുക, അനുവദിച്ചതിനും കൂടുതൽ വേഗതയിൽ വാഹനമോടിക്കുക, വാഹനം കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ രണ്ടിൽ കൂടുതൽ തവണ ആവർത്തിക്കുന്നതും നാടുകടത്തുന്നതിന് ഇടയാക്കും. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളുടെ ഗണത്തിൽപ്പെടുത്തിയാണ് ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുന്നതെന്നും കേണൽ ഹശ്ശാശ് കൂട്ടിച്ചേർത്തു .