മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ പറക്കൽ ഈ മാസം 23ന്
|ഉദ്ഘാടനത്തിന് തൊട്ടുമുൻപുള്ള ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന പരീക്ഷണ പറക്കൽ സംബന്ധിച്ച പ്രഖ്യാപനം ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസിയാണ് നടത്തിയത്
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ പറക്കൽ ഈ മാസം 23ന് നടക്കും. ഉദ്ഘാടനത്തിന് തൊട്ടുമുൻപുള്ള ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന പരീക്ഷണ പറക്കൽ സംബന്ധിച്ച പ്രഖ്യാപനം ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസിയാണ് നടത്തിയത്.
ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ നടന്ന എയർപോർട്സ് കൗൺസിൽ ഇന്റര്‍നാഷണലിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള വിമാനത്താവള ടെർമിനലിന്റെയും യാത്രക്കാരുടെ സൗകര്യങ്ങളുടെയും പരിശോധനക്ക് ബുധനാഴ്ച ഔദ്യോഗിക തുടക്കമായി. പരീക്ഷണ പറക്കലിന്റെ ഫലവും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ സ്വരൂപണത്തിനും ശേഷമായിരിക്കും പുതിയ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗത വാർത്താവിനിമയ മന്ത്രാലയം തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ മറ്റ് പരിശോധനകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഒമാൻ 2020 കർമപദ്ധതിയിൽ രാജ്യത്തെ വിമാനത്താവള പദ്ധതികളുടെ വികസനത്തിന് സുപ്രധാന സ്ഥാനമാണ് നൽകുന്നത്. ടൂറിസം, ചരക്കുഗതാഗതം, തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാനമായ മേഖലകളുടെ വളർച്ചക്ക് സഹായകരമായ വിധത്തിൽ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.