യുഎഇ വാറ്റ്; സ്വർണ വിലയിൽ അഞ്ചു % നിരക്കു വർധന ഉണ്ടാകും
|എന്നാൽ 99 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിന് മൂല്യവർധിത നികുതി ബാധകമായിരിക്കില്ല
ജനുവരി ഒന്നു മുതൽ 'വാറ്റ്' നടപ്പാകുന്നതോടെ യു.എ.യിൽ സ്വർണവിലയിൽ അഞ്ചു ശതമാനം നിരക്കുവർധന ഉണ്ടാകും. എന്നാൽ 99 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിന് മൂല്യവർധിത നികുതി ബാധകമായിരിക്കില്ല.
നിപേക്ഷത്തിനുള്ള മികച്ച ഉൽപന്നം എന്ന നിലക്ക് മൂല്യവർധിത നികുതിയിൽ നിന്ന് സ്വർണ, വജ്രാഭരണങ്ങൾ മാറ്റിനിർത്തണം എന്നായിരുന്നു ദുബൈ ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ മിക്ക ഉൽപന്നങ്ങൾക്കും നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കെ സ്വർണാഭരണത്തെ അതിൽ നിന്ന് മാറ്റി നിർത്താൻ പറ്റില്ലെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. 99 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിനു മാത്രമാണ് വാറ്റിൽ ഇളവ് നൽകിയിരിക്കുന്നത്.
ആയിരം ദിർഹമിന്റെ സ്വർണം വാങ്ങുമ്പോൾ അടുത്ത മാസം ഒന്നു മുതൽ അമ്പതു ദിർഹം അധികമായി നൽകേണ്ടി വരും. എങ്കിലും ദുബൈ സ്വർണ വിപണിയെ ഇതൊന്നും ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഗുണമേൻമയും നിക്ഷേപ ഉൽപന്നമെന്ന പരിഗണനയും ആഭരണ വിപണിക്ക് പിൻബലമാകുമെന്നും അവർ വിലയിരുത്തുന്നു.