വിനോദസഞ്ചാരത്തിന് ഉണര്‍വേകി 'ഷാര്‍ജ വാട്ടര്‍ഫ്രണ്ട്' പദ്ധതി
|ഒട്ടേറെ ഉല്ലാസ സൗകര്യങ്ങളുള്ള 20 കിലോമീറ്റര്‍ നീളമുള്ള തീരം, ബീച്ചുകള്‍ തുടങ്ങിയവയും പദ്ധതിയുടെ പ്രത്യേകതയാണ്.
ഷാര്‍ജയില്‍ വന്‍ വികസന പദ്ധതി വരുന്നു. ഷാര്‍ജ വിനോദ സഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് 2500 കോടി ദിര്‍ഹത്തിന്റെ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഷാര്‍ജ വാട്ടര്‍ഫ്രണ്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്.
രണ്ട് ഊര്‍ജപ്രസരണവിതരണ പ്ലാന്റുകള്‍ അടക്കമുള്ള 300 കോടി ദിര്‍ഹം ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 25 കോടി ദിര്‍ഹത്തിന്റെ ഈ പ്ലാന്റുകള്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിക്കു കൈമാറി.
ദ്വീപുകളോടനുബന്ധിച്ചുള്ള കനാല്‍ നിര്‍മാണത്തിന് 1.2 ചതുരശ്ര മീറ്റര്‍ മണ്ണ് നീക്കം ചെയ്തുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നൂറുമുതല്‍ 300 മീറ്റര്‍ വരെ വീതിയും മൂന്നരമീറ്റര്‍ താഴ്ചയുമുള്ള കനാലുകളാണ് ഒരുക്കുക. ഒട്ടേറെ ഉല്ലാസ സൗകര്യങ്ങളുള്ള 20 കിലോമീറ്റര്‍ നീളമുള്ള തീരം, ബീച്ചുകള്‍ തുടങ്ങിയവയും പദ്ധതിയുടെ പ്രത്യേകതയാണ്.
സുരക്ഷിത ജലാശയമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി 50 ലക്ഷം ടണ്‍ പാറകള്‍ എത്തിക്കുകയും തുറമുഖനഗര മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഷാര്‍ജയുടെ മുഖഛായ മാറ്റാന്‍ പദ്ധതി എല്ലാ നിലക്കും ഉപകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.