'വാറ്റ്' നിരക്ക് പ്രദർശിപ്പിക്കണം; യുഎഇ മാർഗനിർദേശങ്ങൾ പുറത്തിറക്കി
|ജനുവരി ഒന്ന് മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിൽ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഈ നിർദ്ദേശമുള്ളത്
മൂല്യവർധിത നികുതി , എക്സൈസ് നികുതി എന്നിവ ഉൾപ്പെടുത്തിയുള്ള വിലയാണ് ഉൽപന്നങ്ങളിൽ പ്രദർശിപ്പിക്കേണ്ടതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. ജനുവരി ഒന്ന് മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിൽ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഈ നിർദ്ദേശമുള്ളത്. നിയമലംഘനങ്ങൾ, പിഴകൾ എന്നിവ സംബന്ധിച്ച പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാറ്റ്, എക്സൈസ് നികുതി എന്നിവ ഉൾപ്പെടുത്തിയുള്ള വില പ്രദർശിപ്പിച്ചിലെങ്കിൽ 15000 ദിർഹം പിഴ അടക്കേണ്ടി വരും. തെറ്റായ രീതിയിൽ നികുതി ഫയൽ ചെയ്താൽ ആദ്യ തവണ 300 ദിർഹവും തെറ്റ് ആവർത്തിച്ചാൽ 5000 ദിർഹവും പിഴ ഒടുക്കണം. വാറ്റ് ബാധകമാകുന്ന ഉൽപന്നങ്ങളും സേവനങ്ങളും ഉൾപ്പെടുത്തിയുള്ള പട്ടിക ഫെഡറൽ നികുതി അതോറിറ്റി തയാറാക്കിയിട്ടുണ്ട്. പെട്രോൾ പോലെ എണ്ണയിൽനിന്നും വാതകത്തിൽനിന്നും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വാറ്റ് ബാധകമാണ്. താമസ കെട്ടിടങ്ങളെ വാറ്റിൽനിന്ന് ഒഴിവാക്കി. ഹോട്ടലുകളും മറ്റു വാണിജ്യ കെട്ടിടങ്ങളും വാറ്റിന്റെ പരിധിയിൽ വരും. ഫ്രീസോണിലെ കമ്പനികൾക്കും വാറ്റ് ബാധകമല്ല. ലൈഫ് ഇൻഷുറൻസ് ഒഴികെയുള്ള എല്ലാ ഇൻഷുറൻസ് സേവനങ്ങൾക്കും വാറ്റ് നൽകണം. അതിനാൽ ആരോഗ്യ, വാഹന, വസ്തു ഇൻഷുറൻസിന് ചെലവ് വർധിക്കും.