Gulf
വേറിട്ട കലാ വിരുന്നൊരുക്കി ദുബൈയിൽ നിന്നൊരു കലാകാരൻവേറിട്ട കലാ വിരുന്നൊരുക്കി ദുബൈയിൽ നിന്നൊരു കലാകാരൻ
Gulf

വേറിട്ട കലാ വിരുന്നൊരുക്കി ദുബൈയിൽ നിന്നൊരു കലാകാരൻ

Jaisy
|
23 April 2018 9:22 AM GMT

വിവിധ പാട്ടുകാരുടെ ശബ്ദം അനുകരിച്ചു ഗാനങ്ങൾ ആലപിച്ചു ശ്രദ്ധേയനായ നിസാം കോഴിക്കോടാണ് ജിദ്ദ മലയാളികളെ കയ്യിലെടുത്തത്

ജിദ്ദയിലെ കലാസ്വാദകർക്ക് വേറിട്ട കലാ വിരുന്നൊരുക്കി ദുബൈയിൽ നിന്നൊരു കലാകാരൻ. വിവിധ പാട്ടുകാരുടെ ശബ്ദം അനുകരിച്ചു ഗാനങ്ങൾ ആലപിച്ചു ശ്രദ്ധേയനായ നിസാം കോഴിക്കോടാണ് ജിദ്ദ മലയാളികളെ കയ്യിലെടുത്തത്. എം.എം ക്രിയേഷൻസായിരുന്നു പരിപാടിയുടെ സംഘാടകർ.

കോമഡി ഉത്സവരാവ് എന്ന പേരിലായിരുന്നു പരിപാടി. മുഹമ്മദ് റാഫി, കിഷോർ കുമാർ, കുമാർ ഷാനു, ഇളയരാജ, യേശുദാസ്, എസ്. ജാനകി, പി. സുശീല തുടങ്ങിയവരുടെ ഹിറ്റ് ഗാനങ്ങൾ അവരുടെ ശബ്ദം ഒട്ടും ചോർന്നുപോവാതെ നിസാം കാലിക്കറ്റ് വേദിയിൽ അവതരിപ്പിച്ചപ്പോൾ അതിനെ സദസ്സ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. പീർ മുഹമ്മദ്, എ. വി. മുഹമ്മദ് എന്നിവരോടൊപ്പം പുതുതലമുറയിലെ ഗായകരുടെ ശബ്ദവും നിസാമിന് അനുകരിക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. ഗാനങ്ങളോടൊപ്പം ജുറാസിക് പാർക്ക് സിനിമയുടെ ശബ്ദാനുകരണവും കൂടിയായപ്പോൾ സദസ്സ് ഇളകിമറിഞ്ഞു.

അറിയപ്പെടുന്ന 100 ഗായകരുടെ ശബ്ദത്തിലും ഭാവത്തിലും പാട്ടുപാടി ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് 13 വർഷമായി ദുബായിൽ ജോലിചെയ്യുന്ന നിസാം കാലിക്കറ്റ്. മുസ്തഫ തോളൂർ, മൻസൂർ എടവണ്ണ എന്നിവരുടെ നേതൃത്വത്തിൽ എം. എം ക്രിയേഷൻസാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. നിസാമിനോടൊപ്പം ജിദ്ദയിലെ പാട്ടുകാരും ഗാനങ്ങൾ ആലപിച്ചു.

Related Tags :
Similar Posts