പെരുന്നാള്‍ ദിവസങ്ങളില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ടതായി മുവാസലാത്ത് ബസ് സര്‍വീസ്
|ചെറിയ പെരുന്നാളിന് തൊട്ടടുത്ത ദിവസം മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത് 18000 പേരാണ്
പെരുന്നാള്‍ ദിവസങ്ങളില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ടതായി ഒമാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ മുവാസലാത്ത് ബസ് സര്‍വിസ് കമ്പനി അധികൃതര്‍ അറിയിച്ചു . ചെറിയ പെരുന്നാളിന് തൊട്ടടുത്ത ദിവസം മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത് 18000 പേരാണ്. പ്രവര്‍ത്തനമാരംഭിച്ച ശേഷം ഒരു ദിവസം ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത് അന്നേ ദിവസമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദിവസം ശരാശരി 14000 എന്ന തോതില്‍ 72000ത്തോളം പേരാണ് മുവാസലാത്ത് സര്‍വീസുകള്‍ വിനിയോഗിച്ചത്. റൂവി മബേല റൂട്ടിലാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. മുപ്പതിനായിരം പേരാണ് മബേല റൂട്ടില്‍ യാത്ര ചെയ്തത് . റൂവി- വാദി കബീര്‍ റൂട്ടില്‍ 13000 പേരും റൂവി മസ്കത്ത് റൂട്ടില്‍ 11000 പേരും യാത്ര ചെയ്തു. പ്രവാസികളായിരുന്നു ബഹുഭൂരിപക്ഷം യാത്രക്കാരും. ഏതാണ്ട് 20 ശതമാനത്തോളം സ്വദേശികളും അവധി ദിനങ്ങളില്‍ ബസ് സര്‍വീസ് വിനിയോഗിച്ചു.മൂന്നാം പെരുന്നാള്‍ മുതല്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ച് ആയി വർധിപ്പിച്ചിരുന്നു . ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അല്‍ ഖൂദ്- സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല - സഹം ടവര്‍ റൂട്ടിലും മസ്കത്ത് - ദുകം റൂട്ടിലും കമ്പനി പുതിയ സര്‍വീസുകള്‍ ആരംഭിക്കും. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മുവാസലാത്ത് സലാലയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസകരമായിരുന്നു.