Gulf
യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ലയുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല
Gulf

യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല

Jaisy
|
26 April 2018 8:47 AM GMT

പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ

യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കില്ല. സ്വന്തം പൗരന്‍മാര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന സൗദി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് യുഎഇ മതകാര്യ അതോറിറ്റി അറിയിച്ചു. പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ.

യുഎഇയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച നാല്‍പതിനായിരത്തോളം പേരില്‍ ഇരുപതിനായിരത്തോളം പേര്‍ പ്രവാസികളാണ്. അവര്‍ക്ക് മാത്രമല്ല ഇനി മുതല്‍ പ്രവാസികള്‍ക്ക് ആര്‍ക്കും ഹജ്ജിന് അനുമതി നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ഹജ്ജ് ക്വാട്ട സ്വന്തം പൗരന്‍മാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന സൗദി അറേബ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുഎഇ ഔഖാഫ് ഇസ്ലാമികകാര്യ ജനറല്‍ അതോറിറ്റി വക്താവ് ഡോ. അഹമ്മദ് അല്‍ മൂസയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ നിര്‍ദേശം യു എ ഇക്ക് മാത്രമല്ല മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ വിമാന ഷെഡ്യൂളിന് അനുസരിച്ച് ഒരു മാസത്തിലേറെ സമയം നീക്കിവെക്കേണ്ടി വരും. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ ദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് മാത്രമേ ഹജ്ജിന് അപേക്ഷിക്കാനാവൂ. യുഎഇയില്‍ നിന്ന് അപേക്ഷനല്‍കിയ പ്രവാസികളില്‍ ആയിരത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടും.

Related Tags :
Similar Posts