ഗൾഫ് പ്രതിസന്ധി; അമേരിക്കയുടെ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്
|കുവൈത്തിന്റെയും മറ്റും അഭ്യർഥന മാനിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നടത്തിയ ഗൾഫ് പര്യടനവും വിജയിച്ചില്ല
നാലര മാസത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം തേടി അമേരിക്ക നടത്തിയ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്. കുവൈത്തിന്റെയും മറ്റും അഭ്യർഥന മാനിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നടത്തിയ ഗൾഫ് പര്യടനവും വിജയിച്ചില്ല. മധ്യസ്ഥ നീക്കങ്ങളിൽ നിന്ന് അമേരിക്ക പൂർണമായും പിൻവാങ്ങുന്നതായും സൂചനയുണ്ട്.
ടില്ലേഴ്സൺ സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നേതാക്കളുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും അനുരഞ്ജന സാധ്യതയൊന്നും ഉരുത്തിരിഞ്ഞില്ല. ഉപാധികൾ സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്ന് സൗദി പക്ഷവും പരമാധികാര നിലപാടിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാൻ പറ്റില്ലെന്ന് ഖത്തറും വ്യക്തമാക്കുകയായിരുന്നു. ഉപരോധ സമാനമായ സാഹചര്യം ഇല്ലാതാക്കി ചർച്ചക്കുള്ള സാഹചര്യം ഒരുക്കണമെന്ന അഭ്യർഥനയും ബന്ധപ്പെട്ടവർ തള്ളുകയായിരുന്നു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വംശീയ താൽപര്യങ്ങളെ ചെറുക്കുന്നതിനു പകരം അവർക്ക് പിന്തുണ നൽകാനാണ് മറുപക്ഷം തുനിയുന്നതെന്നായിരുന്നു സൗദിയുടെ കുറ്റപ്പെടുത്തൽ. എന്നാൽ പൗരാവകാശങ്ങളെ പോലും വിലമതിക്കാത്ത നടപടിയാണ് ഉപരോധത്തിലൂടെ രാജ്യത്തിനു മേൽ അടിച്ചേൽപിക്കുന്നതെന്ന് ഖത്തറും കുറ്റപ്പെടുത്തി.
ഉപരോധത്തെ ചോദ്യം ചെയ്ത് അന്തർദേശീയ ഏജൻസികൾക്കു മേൽ സമ്മർദ്ദം കനപ്പിക്കാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിനു മേൽ വ്യക്തമായ ഉപാധികൾ വേണമെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ പുതിയ ആവശ്യം. ഇതോടെ ഭിന്നതക്ക് കൂടുതൽ മാനംകൈവരികയാണ്.
പ്രതിസന്ധി തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് കുവൈത്ത് അമീറിന്റെ പ്രസ്താവനയെ അമേരിക്കയും ശരിവെച്ചു. എന്നാൽ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം മധ്യസ്ഥ നീക്കം കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് യു.എസും കുവൈത്തും. ഡിസംബറിൽ കുവൈത്തിൽ നടക്കേണ്ട ജി.സി.സി ഉച്ചകോടിയും ഏറെക്കുറെ മാറ്റിവയ്ക്കാനാണ് തീരുമാനം.