എംബസിയുടെ പേരില്‍ നിയമസഹായ തട്ടിപ്പ്: കരുതിയിരിക്കണമെന്ന് പ്രവാസികള്‍ക്ക് കുവൈത്തിന്റെ മുന്നറിയിപ്പ്
|എമിഗ്രേഷന്‍ രേഖകളില്‍ അപാകതയുള്ളതിനാല്‍ കേസ് രജിസ്ടര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ നാടുകടത്തലിനു വിധേയമാക്കുമെന്നും മറ്റും പറഞ്ഞാണ് തട്ടിപ്പുകാര്‍ ടെലഫോണിലൂടെ ഇരകളെ ഭയപ്പെടുത്തുക
എംബസ്സിയുടെ പേരില്‍ നിയമസഹായം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. എംബസ്സി ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സഘങ്ങള്‍ക്കെതിരെ കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയാണ് മുന്നറിയിപ്പു നല്കിയത്.
വിദേശങ്ങളിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ്സംഘങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് എംബസ്സി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വിശദീകരിച്ച ശേഷമാണ് ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് എംബസ്സി മുന്നറിയിപ്പ് നല്കുന്നത്.
എമിഗ്രേഷന്‍ രേഖകളില്‍ അപാകതയുള്ളതിനാല്‍ കേസ് രജിസ്ടര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ നാടുകടത്തലിനു വിധേയമാക്കുമെന്നും മറ്റും പറഞ്ഞാണ് തട്ടിപ്പുകാര്‍ ടെലഫോണിലൂടെ ഇരകളെ ഭയപ്പെടുത്തുക. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വക്കീലിനെഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിക്കുകയും നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനെന്ന പേരില്‍ പണം ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാന്‍ആവശ്യപ്പെടുകയും ചെയ്യും. പണം പിന്നീട് ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് തിരികെ പിടിക്കാമെന്നും സംഘം ഇരകളെ വിശ്വസിപ്പിക്കും.
ഇത്തരത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ വക്കീല്‍ എന്നോ നിയമോപദേഷ്ടാവ് എന്നോ പരിചയപ്പെടുത്തി ആരെങ്കിലും വിളിക്കുകയോ സമീപിക്കുകയോ ചെയ്താല്‍ അക്കാര്യം ഉടന്‍ തന്നെ എംബസിയില്‍ നേരിട്ടറിയിക്കണമെന്നും കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോട് എംബസ്സി നിര്‍ദേശിച്ചു.