Gulf
ബസ് അപകടത്തില്‍ പരിക്കേറ്റ മലയാളി ബാലികക്ക് 55 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരംബസ് അപകടത്തില്‍ പരിക്കേറ്റ മലയാളി ബാലികക്ക് 55 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരം
Gulf

ബസ് അപകടത്തില്‍ പരിക്കേറ്റ മലയാളി ബാലികക്ക് 55 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരം

admin
|
28 April 2018 6:01 PM GMT

കോട്ടയം സ്വദേശി ജെറില്‍ ജോസിന്റെയും ജൂഡിയുടെയും മകള്‍ ജസ്റ്റിഫര്‍ ജെറിനാണ് 55 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയുണ്ടായത്.

ഒമാനിലുണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളി ബാലികക്ക് 32000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ മസ്കത്ത് പ്രൈമറി കോടതിയുടെ വിധി. കോട്ടയം സ്വദേശി ജെറില്‍ ജോസിന്റെയും ജൂഡിയുടെയും മകള്‍ ജസ്റ്റിഫര്‍ ജെറിനാണ് 55 ലക്ഷം ഇന്ത്യൻ രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയുണ്ടായത്.

മബേല ഇന്ത്യന്‍ സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന ജസ്റ്റിഫറിന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് വീടിന് മുന്‍വശത്ത് വെച്ചുണ്ടായ അപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. രണ്ടാമത്തെ കണ്ണിന് ചെറിയ കാഴ്ച ശക്തി മാത്രമാണ് ഉള്ളത്. ഇത് വീണ്ടെടുക്കാന്‍ കേരളത്തില്‍ ചികില്‍സയിലാണ് ആറു വയസുകാരിയായ ജസ്റ്റിഫര്‍. സഹോദരിയും മബേല സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയുമായ ജെന്നിഫറുമൊത്ത് സ്കൂളില്‍ നിന്ന് തിരിച്ചുവരവേയായിരുന്നു സംഭവം. കുട്ടികളെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ മുന്നോട്ടെടുത്ത ബസ് ജസ്റ്റിഫറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മുഖത്തിനും തലക്കും ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലത്തെിച്ച് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ നാഡികള്‍ക്കുണ്ടായ പരിക്ക് കൃഷ്ണമണിയെ ബാധിച്ചതായി കണ്ടത്തെി. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ഐ.സി.യുവില്‍ ചികില്‍സയിലായിരുന്ന കുട്ടിയുടെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയകളടക്കം നടത്തിയെങ്കിലും കാഴ്ച ശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്ക് കുട്ടിയുടെ ഭാവിജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന വസ്തുത മനസിലാക്കിയാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. ഇന്‍ഷൂറന്‍സ് കമ്പനി അപ്പീലിന് പോകാത്ത പക്ഷം കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് വൈകാതെ നഷ്ടപരിഹാര തുക ലഭ്യമാകുമെന്നാണ് കരുതുന്നത്.

Similar Posts