ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്കന്‍ പ്രതിനിധികള്‍ ദോഹയില്‍
|കുവൈത്ത് സന്ദർശിച്ചതിനു ശേഷമാണ് അമേരിക്കൻ സംഘം ദോഹയിലെത്തിയത്
രണ്ട് മാസം പിന്നിട്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്കന്‍ പ്രതിനിധികള്‍ ദോഹയിലെത്തി. കുവൈത്ത് സന്ദർശിച്ചതിനു ശേഷമാണ് അമേരിക്കൻ സംഘം ദോഹയിലെത്തിയത്. മധ്യസ്ഥ നീക്കത്തിന്റെ ഭാഗമായുള്ള കുവൈറ്റ് അമീറിന്റെ കത്ത് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് കൈമാറി. അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളായി മേഖലയിൽ പര്യടനം തുടങ്ങിയ യു.എസ് സെൻട്രൽ കമാൻഡ് മുൻ മേധാവി റിട്ടയേഡ് മേജർ ജനറൽ ആന്റണി സിന്നിയും അറേബ്യൻ ഗൾഫ് അഫയേഴ്സ് ബ്യൂറോ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിതിമോത്തി ലെന്റർകിങ്ങും ഉച്ചയോടെയാണ് ദോഹയിലെത്തിയത്. കുവൈത്ത് സന്ദർശിച്ചതിനുശേഷമാണ് അമേരിക്കൻ സംഘം ദോഹയിലെത്തിയത്.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ട ചില നിർദ്ദേശങ്ങളുമായാണ് അമേരിക്കൻ പ്രതിനിധികൾ ഗൾഫ് സന്ദർശിക്കുന്നതെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ പൂർണമായി പിന്തുണക്കുമെന്ന് സംഘം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിക്ക് മുമ്പാകെ വെച്ചതായാണ് സൂചന. ഖത്തറിലെ ചർച്ചകൾക്ക് ശേഷം സംഘം സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും സന്ദർശിച്ച് ഉന്നത തലങ്ങളിൽ ചർച്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക കത്തുമായി വിദേശകാര്യ മന്ത്രി ശൈഖ് സ്ബാഹ് അൽഖാലിദ് അസ്സബാഹും പാർലമെന്ററികാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹും പര്യടനം തുടങ്ങി. ആദ്യം സൗദി അറേബ്യ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാന് കത്ത് കൈമാറിയ ശേഷം ഈജിപ്തിലേക്ക് പോയ സംഘം പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്കും കത്ത്നൽകി. യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെ ഭരണാധികാരികൾക്കും കത്ത് കൈമാറിയിട്ടുണ്ട് .