അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരത്തിന് സാക്ഷികളാകാന്‍ ഖത്തര്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു
|ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥമുള്ള പരീക്ഷണ പറത്തല്‍ മാര്‍ച്ച് 3 വെള്ളിയഴ്ച വൈകിട്ട് മിസഈദ് സീ ലൈനില്‍ നടക്കും
അന്താരാഷ്ട്ര പട്ടംപറത്തല്‍ മത്സരത്തിന് സാക്ഷികളാകാന്‍ ഖത്തര്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു . ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥമുള്ള പരീക്ഷണ പറത്തല്‍ മാര്‍ച്ച് 3 വെള്ളിയഴ്ച വൈകിട്ട് മിസഈദ് സീ ലൈനില്‍ നടക്കും. മലയാളികളുടെ നേതൃത്വത്തിലുള്ള വണ്‍ ഇന്ത്യ കൈറ്റ് ടീമാണ് പരിപാടിക്ക് നേതൃത്വം നല്‍കുക.
മലയാളിയായ അബ്ദുല്ല മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള വണ്‍ഇന്ത്യ കൈറ്റ് ടീം ഇതിനകം പട്ടംപറത്തലില്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചവരാണ്. ഏപ്രില്‍ ആദ്യവാരം നടക്കുന്ന ഖത്തര്‍ ഇന്റര്‍ നാഷണല്‍ കൈറ്റ്ഫെസ്റ്റിവലിന്റെ ഭാഗമായാണ് ലോകപട്ടംപറത്തല്‍ മത്സരത്തിലെ ജേതാക്കളായ ടീം ഇപ്പോള്‍ ദോഹയിലെത്തിയത്. മിസെയ്ദ് സീലൈന്‍ ബീച്ചില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പട്ടം പറപ്പിക്കല് പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സംഘാഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവലില്‍ സമ്മാനം നേടിയ സര്‍ക്കിള്‍ കൈറ്റെന്ന ഭീമന് പട്ടവുമാണ് ഇവര്‍ മിസഈദിലെ പ്രദര്‍ശനത്തിനൊരുങ്ങുന്നത് . വൃത്താകൃതിയിലുള്ള പട്ടത്തിന് 300 എയര്ഹോളുകളുണ്ട്. 45 അടിയാണ് വ്യാസം. പന്ത്രണ്ടര കിലോഗ്രാം ഭാരമുള്ള പട്ടം 40 അടിയോളം ഉയരത്തിലാണ് പറക്കുക. എട്ടു മുതല്‍ പത്തുവരെ ആളുകള്‍ ചേര്‍ന്നാണ് പട്ടം നിയന്ത്രിക്കുകയെന്നും വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. പരീക്ഷണപ്പറപ്പിക്കലിന്റെ ഭാഗമായി ചതുരാകൃതിയിലുള്ള 150 ഗ്രാം ഭാരമുള്ള പട്ടം 20 അടി ഉയരത്തിലും പറപ്പിക്കും. അഡ്രസ് ഇന്റര്‍നാഷണല്‍ ഇവന്‍സിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ ചൈന, മലേഷ്യ, ദുബൈ എന്നിവിടങ്ങളിലും വണ്‍ ഇന്ത്യയുടേയും അറേബ്യന്‍ കൈറ്റ് ടീമിന്റെയും ബാനറില്‍ അബ്ദുല്ല മാളിയേക്കലും സംഘവും പട്ടം പറത്തിയിരുന്നു. ലോകോത്തര പട്ടം നിര്‍മാതാവായി അറിയപ്പെടുന്ന ന്യൂസിലാന്റിലെ പീറ്റര്‍ ലിനനാണ് വൃത്താകൃതിയിലുള്ള പട്ടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.