പ്രവാസ ചരിത്രത്തിന്റെ ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളുമായി റാസല്‍ഖൈമയിലെ വേദി
|ജാസിം ഈസ ബലൂഷിക്ക് മരണാനന്തര ബഹുമതി നല്‍കാന്‍ ഒത്തുചേര്‍ന്ന സദസ് യുഎഇയിലെയും ഇന്ത്യയിലെയും ജനതകള്‍ തമ്മിലെ ശക്തമായ ആത്മബന്ധത്തിന്റെ കൂടി തെളിവായി മാറി
അന്‍പത് വര്‍ഷം പിന്നിട്ട ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ചടങ്ങിനാണ് കഴിഞ്ഞ ദിവസം റാസല്‍ഖൈമ സാക്ഷിയായത്. ജാസിം ഈസ ബലൂഷിക്ക് മരണാനന്തര ബഹുമതി നല്‍കാന്‍ ഒത്തുചേര്‍ന്ന സദസ് യുഎഇയിലെയും ഇന്ത്യയിലെയും ജനതകള്‍ തമ്മിലെ ശക്തമായ ആത്മബന്ധത്തിന്റെ കൂടി തെളിവായി മാറി.
മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് സ്വന്തം ജീവന്‍ നല്‍കിയെന്ന സമാനതയില്ലാത്ത ത്യാഗമാണ് ജാസിം ഈസ ബലൂഷി നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. കേരള ജനത ഒരിക്കലും ജാസിമിനെ മറക്കില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും പറഞ്ഞു.
ജീവന്‍ നല്‍കിയും തങ്ങള്‍ ഇന്ത്യക്കാര്‍ക്കൊപ്പമുണ്ടാകും എന്ന യുഎഇയുടെ സന്ദേശമാണ് ജാസിമെന്ന് റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ഖാസിമി പറഞ്ഞു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ജാസിമിന്റെ കുടുംബം ആദരം ഏറ്റുവാങ്ങിയത്. എമിറേറ്റ്സ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഹാശിമി, ദുബൈ വിമാനത്താവളം ചീഫ് ഫയര്‍ ഓഫിസര്‍ ഹൈഡന്‍ ബിന്‍യൂന്‍, സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫിസര്‍ ഇബ്രാഹിം ഖസ്റജ്, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ശീഹി, മീഡിയവണ്‍ ഡയറക്ടര്‍മാരായ ഡോ. അഹ്മദ്, അബൂബക്കര്‍, മീഡിയവണ്‍ ഗള്‍ഫ് ചെയര്‍മാന്‍ ബിശ്റുദ്ദീന്‍ ശര്‍ഖി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.