വിദേശികള്‍ക്ക് നിരവധി ജോലി സാധ്യതകള്‍ തുറന്നിട്ട് ഖിദ്ദിയ പദ്ധതി
|നേരിട്ടും അല്ലാതെയും പതിനായിരത്തോളം ജോലി സാധ്യതകളാണ് ഉണ്ടാവുക
വന്‍കിട നിക്ഷേപത്തിനൊപ്പം വിദേശികള്‍ക്ക് നിരവധി ജോലി സാധ്യതകള്‍ കൂടി തുറന്നിടും ഖിദ്ദിയ പദ്ധതി. നേരിട്ടും അല്ലാതെയും പതിനായിരത്തോളം ജോലി സാധ്യതകളാണ് ഉണ്ടാവുക. മൂന്ന് വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാവുന്ന വിധത്തിലാണ് നിര്‍മ്മാണം നടക്കുക.
വിദേശികള്‍ക്ക് സൌദിയില്‍ വന്‍ ജോലി സാധ്യതകളുണ്ടാകുമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു ഈ പ്രഖ്യാപനം. തൊഴില്‍ പ്രതിസന്ധി രൂക്ഷമായ സൌദിയില്‍ ഈ പ്രഖ്യാപനം സംശയത്തോടെയാണ് പ്രവാസികള്‍ കേട്ടത്. എന്നാല്‍ കിരീടാവകാശിയുടെ പ്രഖ്യാപനങ്ങള്‍ അന്വര്‍ഥമാക്കുന്ന പദ്ധതികളിലൊന്നാണ് ഖിദ്ദിയ്യ.കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അവതരിപ്പിച്ച വിഷൻ 2030ന്റെ ഭാഗം. ലോകത്തിലെ അത്യാധുനിക വിനോദ നഗരം. നിരവധി ജോലി സാധ്യതകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാവുമെന്ന് ക്വിദ്ദിയ പ്രോജക്ട് ഫൗണ്ടേഷൻ സെക്രട്ടറി ഡോ.ഫഹദ്ബിൻ അബ്ദുല്ല പറഞ്ഞു.
രാജ്യത്തിന് എണ്ണേതര വരുമാനം ഉറപ്പാക്കുന്ന വൻകിട പദ്ധതികളിലൊന്ന്. മൊത്തം ചെലവ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ വരാനിരിക്കുന്നത് പതിനായിരത്തോളം ജോലികളാണ്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലെത്തുന്ന റൈഡുകളും ഷോപ്പിങ് കടകളുമെല്ലാം വിനോദ നഗരത്തിനകത്തുണ്ടാകും. എഞ്ചിനീയറിങ്, ടെക്നിക്കല്‍, പരിപാലന, കച്ചവട മേഖലകളിലായിരിക്കും ജോലികളില്‍ ഭൂരിഭാഗവും. സ്വദേശികളെ പോലും വിദേശികള്‍ക്കും വന്‍ സാധ്യതയുണ്ടാകും ഈ മേഖലകളില്‍. വന്‍ കിട നിക്ഷേപങ്ങളെത്തുന്നതോടെ മികച്ച നേട്ടം രാജ്യത്തിനുമുണ്ടാകും.