യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നു; വിമാന സർവീസുകൾ വീണ്ടും താളം തെറ്റി
|നിരവധി വിമാന സർവീസുകൾ പുന:ക്രമീകരിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു
അബൂദബി ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്. രണ്ടാം ദിവസമായ ശനിയാഴ്ചയും അബൂദബിയിൽ വിമാന ഗതാഗതം താളം തെറ്റി. നിരവധി വിമാന സർവീസുകൾ പുന:ക്രമീകരിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു.
കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ പലതും വൈകിയതായി ഇത്തിഹാദ് എയർവേസ് വെളിപ്പെടുത്തി. ഡസൻ കണക്കിന് വിമാനങ്ങൾ വൈകുകയും ചിലത് റൂട്ട് മാറ്റി വിടുകയും ചെയ്തു. അടുത്ത മൂന്ന് ദിവസങ്ങൾ കൂടി മൂടൽമഞ്ഞ് തുടരുമെന്നാണ് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പുലർകാലങ്ങളിൽ കനത്ത മഞ്ഞിന് സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.
വിമാന സർവീസുകൾ വൈകിയതു കാരണം യാത്രക്കാർക്ക് അബൂദബിയിൽ ബദൽ താമസ സൗകര്യം ഒരുക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം അടുത്ത ഒന്നുരണ്ടു ദിവസങ്ങൾ കൂടി വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും വെളുപ്പിനുമുള്ള സർവീസുകളെയാണ് മൂടൽമഞ്ഞ് പ്രധാനമായും തടസപ്പെടുത്തുന്നത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം സ്ഥിരീകരിക്കണമെന്ന് വിമാനത്താവള അധികൃതർ യാത്രികരോട് ആവശ്യപ്പെട്ടു.