ദുബൈയില്‍ ആംബുലന്‍സിനും മാലിന്യനീക്കത്തിനും ഫീസ്
|ദുബൈയില്‍ ഇനി മുതല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് പണം ഈടാക്കും. മെയ് മാസം മുതല്‍ മാലിന്യനിര്‍മാര്‍ജനത്തിന് കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ഫീസും വര്‍ധിപ്പിക്കും.
ദുബൈയില്‍ ഇനി മുതല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് പണം ഈടാക്കും. മെയ് മാസം മുതല്‍ മാലിന്യനിര്‍മാര്‍ജനത്തിന് കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ഫീസും വര്‍ധിപ്പിക്കും.
പ്രവര്‍ത്തനചെലവ് സ്വയം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് ദുബൈ ആംബുലന്‍സ് സര്‍വീസ് കോര്‍പറേഷന്‍ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത്. സേവനം ലഭിക്കുന്നവരുടെ ഇന്‍ഷൂറന്‍സ് കന്പനിയാണ് തുക നല്‍കേണ്ടത്. പുതിയ നിയമത്തിന് ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം അനുമതി നല്‍കി. അപകടം നടന്ന സ്ഥലത്തെത്തി ആംബുലന്‍സ് പരിചരണത്തിന് 600 ദിര്‍ഹം ഫീസ് ഈടാക്കും. അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിചരിക്കാന്‍ 800 ദിര്‍ഹമാണ് ഫീസ്.
ഫസ്റ്റ് ലെവല്‍ സെക്കന്‍ഡ് ലെവല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് 1000 ദിര്‍ഹം മുതല്‍ 1200 ദിര്‍ഹം വരെയാകും. വാഹനപകടമുണ്ടായാല്‍ ശരീരത്തിന് ഗുരുതരമായി പരിക്കേറ്റവരെയും മൃതദേഹങ്ങളും കൈകാര്യം ചെയ്യുന്നതിന് 6770 ദിര്‍ഹം ഈടാക്കും. അപകടത്തിന് ഇടവരുത്തിയ വ്യക്തിയുടെ ഇന്‍ഷൂറന്‍സില്‍ നിന്നാണ് ഈ തുക ഈടാക്കുക. മെയ് മാസം മുതല്‍ മാലിന്യത്തിന്റെ ഭാരവും തരവും അനുസരിച്ച് അവ നീക്കം ചെയ്യുന്നതിനും മുനിസിപ്പാലിറ്റി ഫീസ് ഈടാക്കും. വരും വര്‍ഷങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ നിരക്ക് ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.