കുവൈത്തിൽ 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം
|ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത്
കുവൈത്തിൽ 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം . ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത് . ജനസംഖ്യാനുപാതം ക്രമീകരിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു യോഗത്തിൽ അധ്യക്ഷം വഹിച്ച തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അൽസബീഹ് പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാരസമിതി. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായ വിദേശികൾ രാജ്യത്ത് കൂടുതൽ ആവശ്യമില്ലെന്നു വിലയിരുത്തിയാണ് സമിതി ഇത്തരമൊരു നിർദേശം വെച്ചത്. തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയോഗം നിർദേശങ്ങൾ ചർച്ച ചെയ്‌തു. ജനസംഖ്യാസന്തുലന നടപടികൾക്ക് വേഗം കൂട്ടണമെന്ന നിലപാടാണ് ഉന്നതാധികാര സമിതിക്കുള്ളത്. സന്തുലിതത്വം ജനസംഖ്യയുടെ എണ്ണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിദ്യാഭ്യാസം, ജോലിയുടെ പദവി, ലിംഗപരമായ അസമത്വം, സാമൂഹിക പദവി തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നുമാണ് സമിതിയുടെ നിരീക്ഷണം. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യയിലുള്ള അസന്തുലിതാവസ്ഥ ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗാനന്തരം മന്ത്രി ഹിന്ദ് അൽ സബീഹ് പറഞ്ഞു.