ഇറാഖുമായി ബന്ധം ശക്തമാക്കുന്നു; റിയാദില്‍ നിര്‍ണായക ഉച്ചകോടി
|റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു
സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് റിയാദിൽ ചരിത്രപ്രധാന ഉച്ചകോടി. സൗദി-ഇറാഖി കോഡിനേഷൻ കൗൺസില്‍ തുടങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും ഇറാഖ് പ്രധാനമന്ത്രിയും നേതൃത്വം നൽകി. റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഇറാഖും സൌദിയും തമ്മിലുള്ള ബന്ധം കുവൈത്ത് യുദ്ധത്തോടെ വഷളായിരുന്നു. 2015ലാണ് ഇരു രാജ്യങ്ങളും സഹകരിക്കാനൊരുങ്ങിയത്. ഇരുവര്‍ക്കുമിടയിലെ ഭിന്നത അവസാനിച്ചെന്ന പ്രഖ്യാപനമായിരുന്നു റിയാദില്‍ നടന്ന ഉച്ചകോടി. റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സന്റെ സാന്നിധ്യത്തിലായിരുന്നു ഉഭയകക്ഷി ചര്‍ച്ച. തീവ്രവാദ ഭീകരവാദ പ്രശ്നങ്ങള്‍ മേഖല നേരിടുന്ന സാഹചര്യത്തില്‍ ഒന്നിച്ചു നീങ്ങണമെന്ന് സല്മാന് രാജാവ് പറഞ്ഞു. ബന്ധം ശക്തിപ്പെടുത്താനുള്ള നിർണായക നീക്കമാണിതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ ആബാദി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങള്‍ക്കും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു അമേരിക്ക.
സഹകരണത്തിന് സൗദി-ഇറാഖി കോര്‍ഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം സൽമാൻ രാജാവും ഹൈദർ അൽ ആബാദിയും ഒപ്പുവെച്ചു. കഴിഞ്ഞ ആഗസ്തിലാണ് കോര്‍ഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിന് സൗദി കാബിനറ്റ് അംഗീകാരം നൽകിയത്. സൈനിക സഹകരണം, പരസ്പര നിക്ഷേപം, സാംസ്കാരിക വിനിമയം തുടങ്ങിയവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 1990 ന് ശേഷം ആദ്യമായി റിയാദിൽ നിന്ന് ബാഗ്ദാദിലേക്ക് കഴിഞ്ഞയാഴ്ച വിമാനം സര്‍വീസ് നടത്തിയിരുന്നു. ഈ മാസം 30 മുതൽ സൗദി ദേശീയ വിമാന കമ്പനിയായ 'സൗദിയ' പ്രതിദിന സർവീസും തുടങ്ങുന്നുണ്ട്.