ദുബൈ എക്സ്പോ 2020; ഗതാഗത നിയന്ത്രണ ഏകോപന കേന്ദ്രത്തിന് ദുബൈ ഭരണാധികാരിയുടെ പച്ചക്കൊടി
|ദുബൈ എക്സ്പോ 2020ന് മുന്നോടിയായി ഗതാഗതസംവിധാനങ്ങളുടെ ഏകോപനത്തിന് വന്‍കിട പദ്ധതികള്‍ വരുന്നു. മെട്രോ, ബസ്, ടാക്സി, ജല ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏകോപിപ്പിച്ച് നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.
ദുബൈ എക്സ്പോ 2020ന് മുന്നോടിയായി ഗതാഗതസംവിധാനങ്ങളുടെ ഏകോപനത്തിന് വന്‍കിട പദ്ധതികള്‍ വരുന്നു. 335 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഗതാഗത നിയന്ത്രണ ഏകോപന കേന്ദ്രം നിര്‍മിക്കാന്‍ ദുബൈ ഭരണകൂടം തീരുമാനിച്ചു. മെട്രോ, ബസ്, ടാക്സി, ജല ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏകോപിപ്പിച്ച് നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. കേന്ദ്രത്തിന്‍റെ രൂപരേഖക്ക് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. എന്‍റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ എന്നായിരിക്കും കേന്ദ്രം അറിയപ്പെടുക. മെട്രോ, ബസ്, ടാക്സി, ജല ഗതാഗത സംവിധാനങ്ങള്‍ക്ക് പുറമെ നഗരത്തിലെ ട്രാഫിക് സിഗ്നലുകളുടെ ഏകോപനവും ഇവിടെ നടക്കും. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണവും ഇ.സി ത്രി കേന്ദ്രീകരിച്ചായിരിക്കും. മിഡിലീസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം.6996 ചതുരശ്രമീറ്ററില്‍ ആകര്‍ഷകമായാണ് അഞ്ചുനില കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിന് 430 ചതുരശ്രമീറ്റര്‍ വിസ്തൃതിയും 13 മീറ്റര്‍ ഉയരവുമുണ്ടാകും.ഓഫിസ് മുറികള്‍, ഓഡിറ്റോറിയം, മാധ്യമ കേന്ദ്രം എന്നിവ കെട്ടിടത്തിലുണ്ടാകും. പൂര്‍ണമായും ഹരിതമാനദണ്ഡങ്ങളനുസരിച്ചാണ് നിര്‍മാണം. വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം സാധ്യമാകുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറക്കാനും സമയം ലാഭിക്കാനും കഴിയുമെന്ന് ആര്‍.ടി.എ കണക്കുകൂട്ടുന്നു.