Gulf
കുവൈത്തിലെ പോക്കിമോന്‍ ഗെയിം പ്രേമികള്‍ ജാഗ്രതൈ; കളി മുറുകുമ്പോള്‍ പിടിവീണേക്കാംകുവൈത്തിലെ പോക്കിമോന്‍ ഗെയിം പ്രേമികള്‍ ജാഗ്രതൈ; കളി മുറുകുമ്പോള്‍ പിടിവീണേക്കാം
Gulf

കുവൈത്തിലെ പോക്കിമോന്‍ ഗെയിം പ്രേമികള്‍ ജാഗ്രതൈ; കളി മുറുകുമ്പോള്‍ പിടിവീണേക്കാം

Alwyn
|
3 May 2018 2:26 PM GMT

പോക്കിമോന്‍ ഗെയിം കളിക്കാര്‍ക്ക്‌ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

പോക്കിമോന്‍ ഗെയിം കളിക്കാര്‍ക്ക്‌ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളുടെ പരിസരത്തോ സൈനിക കേന്ദ്രങ്ങളുടെ സമീപത്തോ, സുരക്ഷാ പ്രദേശങ്ങളിലോ ഈ ഗെയിമുമായി ആരും എത്തരുത്‌. അതുപോലെ തന്നെ പള്ളികള്‍, ഷോപ്പിങ് മാളുകള്‍, തുടങ്ങിയ പ്രധാന പ്രദേശങ്ങളിലും ഗെയിം അനുവദനീയമല്ല. നിയമലംഘനം നടത്തിയെന്ന്‌ കണ്ടെത്തുന്നവരെ പ്രോസിക്യൂഷന്‌ വിധേയരാക്കുമെന്ന്‌ ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്‌.ജന. സുലൈമാന്‍ അല്‍ ഫഹദ്‌ മുന്നറിയിപ്പ്‌ നല്‍കി.

നമുക്കുമുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗെയിമാണ് പോക്കിമോന്‍ ഗോ. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി നമ്മുടെ ഫോണ്‍ സ്‌ക്രീന്‍ കാണിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. വിവിധ തരത്തിലുള്ള പോക്കിമോനുകളെ കണ്ടെത്താന്‍ നാം സഞ്ചരിച്ചുകൊണ്ടേയിരിക്കണം. യൂസര്‍മാരെ കൂടുതല്‍ സഞ്ചരിക്കാനും ലോകത്തെ അറിയാനും പ്രേരിപ്പിക്കുന്നതാണ് ഈ ഗെയിം. യൂസര്‍ പോകുന്ന സ്ഥലത്തിന് അനുസരിച്ച് യൂസര്‍ കണ്ടെത്തുന്ന പോക്കിമോനുകളുടെ രൂപത്തിലും കഴിവുകളിലും വ്യത്യസ്തകളുണ്ടാകും.

പോക്കിമോന്‍ ജനഹൃദയങ്ങള്‍ കീഴടക്കിയെങ്കിലും ഗെയിം ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഗെയിമിങ് കമ്പനിക്ക് യൂസര്‍മാരുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനാകുമെന്നാണ് പ്രധാന ആക്ഷേപം. പോക്കിമോന്‍ കളിച്ച് ഫോണില്‍ നോക്കി നടന്ന മറിഞ്ഞുവീണവും ട്രെയിന്‍ കയറാതെ ഗെയിം കളിച്ചവരും നിരവധിയാണത്രെ. ഗെയിമിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. പോക്കിമോനെ തേടിപ്പോകുമ്പോള്‍ യൂസര്‍മാര്‍ പല അപകടങ്ങളിലും ചാടാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഗെയിം കുട്ടികളുടെ ജീവനായിരിക്കും കൂടുതല്‍ ഭീഷണി ഉയര്‍ത്തുക. പോക്കിമോനെ തേടിയലഞ്ഞ് കുട്ടികള്‍ പുഴയിലും കുളത്തിലും അറിയാതെ ചെന്ന് ചാടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Similar Posts