മുത്തുവാരല്‍ ഉത്സവത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശം
|കുവൈത്ത് സീ ക്ലബ് ബീച്ച് പരിസരം ആഘോഷമുഖരിതമാണിപ്പോള്‍.
പൈതൃകങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുത്തുവാരല്‍ ഉത്സവത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിച്ചു. കുവൈത്ത് സീ ക്ലബ് ബീച്ച് പരിസരം ആഘോഷമുഖരിതമാണിപ്പോള്‍. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ 120ഓളം വരുന്ന ട്രെയിനികള്‍ പരമ്പരാഗത കുവൈത്തി ഗാനങ്ങള്‍ പാടിയും ചെണ്ടകൊട്ടിയും കൈയടിച്ചും ആഘോഷത്തിന് മാറ്റുകൂട്ടി. ഇവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
ബീച്ചിലെ ഇരുട്ടില്‍ രാത്രി ഇടതടവില്ലാതെ മിന്നിയ കാമറ ഫ്ളാഷുകള്‍ കൗതുകക്കാഴ്ചയായി. പാരമ്പര്യത്തിന്റെ പെരുമയില്‍ ഊറ്റം കൊള്ളുന്ന ജനതയുടെ ഉള്ളില്‍ ആവേശത്തിന്റെ അലകടലുയര്‍ത്തിയാണ് മുത്തുവാരല്‍ ഉത്സവത്തിന്റെ 28 മത് പതിപ്പിന് കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ അരങ്ങൊരുങ്ങിയത്. രണ്ടര പതിറ്റാണ്ട് മുമ്പാണ് മുത്തുവാരല്‍ ഉത്സവമാക്കി ആഘോഷിക്കാന്‍ തുടങ്ങിയത്. എണ്ണപ്പണം കുമിഞ്ഞുകൂടുന്നതിനു മുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാര്‍ഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരല്‍. അന്ന് വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതായിരുന്നു കൃത്രിമത്വം തൊട്ടുതീണ്ടാത്ത ഈ മുത്തുകള്‍. പിന്നീട് കൃത്രിമ മുത്തുകള്‍ രംഗം കൈയടക്കിയതോടെയാണ് യഥാര്‍ഥ മുത്തുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത്.
പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികള്‍. അതുകൊണ്ടുതന്നെ വര്‍ഷം തോറും അരങ്ങേറുന്ന മുത്തുവാരല്‍ ഉത്സവത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യവും ഏറെയാണ്.