റാസല്‍ഖൈമയും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു
|ട്രാഫിക് ഫൈനില്‍ 55 ശതമാനം ഇളവാണ് റാസല്‍ഖൈമ പ്രഖ്യാപിച്ചത്
ഷാര്‍ജക്ക് പിന്നാലെ റാസല്‍ഖൈമ എമിറേറ്റും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. ട്രാഫിക് ഫൈനില്‍ 55 ശതമാനം ഇളവാണ് റാസല്‍ഖൈമ പ്രഖ്യാപിച്ചത്.
ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി റാസല്‍ഖൈമയുടെ ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗതാഗത നിയമലംഘന പിഴകളില്‍ റാക് പൊലീസ് 55 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ 15 വരെയാണ് പിഴയില്‍ ഇളവ് നല്‍കുകയെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. ശൈഖ് സഊദിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ മുന്നേറുന്നതിന്റെ ആഹ്ളാദം പങ്കുവെക്കുകയാണ് ഇളവിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ വരെ രണ്ടേകാല്‍ ലക്ഷത്തോളം ഡ്രൈവര്‍മാരാണ് നിയമലംഘനങ്ങളുടെ പേരില്‍ റാസല്‍ഖൈമയില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. ഷാര്‍ജ പൊലീസ് രൂപവത്കരണത്തിന്റെ 50ാം വാര്‍ഷികം പ്രമാണിച്ച് ഷാര്‍ജ എമിറേറ്റ് കഴിഞ്ഞദിവസം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.