സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഏജന്‍സി
|സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക, സ്വകാര്യ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും ഏജന്‍സിയുടെ ഉത്തരവാദത്തില്‍ വരുമെന്ന് മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു...
സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ മന്ത്രിസഭ അംഗീകാരം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ ഇനി ഏജന്‍സിക്ക് കീഴിലാണ് നടപ്പിലാക്കുക.
സാമ്പത്തിക, പ്‌ളാനിങ് മന്ത്രി മുഹമ്മദ് അത്തുവൈജിരി സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭ നടപടികള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ധ്യക്ഷനായുള്ള സാമ്പത്തിക, വികസന സഭ ജനുവരി 28ന് ഏജന്‍സി രൂപീകരണ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക, സ്വകാര്യ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും ഏജന്‍സിയുടെ ഉത്തരവാദത്തില്‍ വരുമെന്ന് മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ഏജന്‍സി വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക. നിലവില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാനവവിഭവശേഷി ഫണ്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് എന്നീ വേദികളുമായും സഹകരിച്ചായിരിക്കും പുതിയ ഏജന്‍സിയുടെ പ്രവര്‍ത്തനം.