സ്വദേശിവത്കരണം; എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത് 1500 പേർക്ക്
|സ്വദേശിവത്കരണ പദ്ധതിയിൽ അയ്യായിരം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാക്കാനാണ് നിർദേശമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഔഫി മസ്കത്തിൽ പറഞ്ഞു
ഒമാനിൽ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത് 1500 പേർക്ക്. സ്വദേശിവത്കരണ പദ്ധതിയിൽ അയ്യായിരം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാക്കാനാണ് നിർദ്ദേശമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഔഫി മസ്കത്തിൽ പറഞ്ഞു.
മന്ത്രിസഭാ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും. താത്ക്കാലിക നടപടി എന്നതിലുപരി ദീർഘകാലത്തേക്കുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അൽ ഔഫി പറഞ്ഞു.എണ്ണ, പ്രകൃതി വാതക മേഖലയിലെ കമ്പനികൾക്ക് വിദേശികൾക്കുള്ള വിസ ലഭിക്കാൻ എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിന്റെ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് അൽ ഔഫി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരാറുകാർ, ഓപറേറ്റര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും വിസ അനുവദിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കും. മന്ത്രാലയത്തിന്റെ അനുമതി കത്തില്ലാത്ത വിസാ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് അൽ ഔഫി പറഞ്ഞു. കമ്പനികളിലെ ഒഴിവുകൾക്ക് സ്വദേശികൾക്കാണ് മുൻഗണന നൽകേണ്ടത്. ഒഴിവുള്ള തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കാൻ പരസ്യം നൽകിയതിന്റെയും അഭിമുഖമടക്കം നടത്തിയെന്നതിന്റെയും തെളിവുകൾ സമർപ്പിച്ചാൽ മാത്രമാകും ഈ എൻ.ഒ.സി സർട്ടിഫിക്കറ്റ് നൽകുക. യോഗ്യരായ സ്വദേശികളെ ലഭിച്ചില്ലെന്ന് മന്ത്രാലയത്തിന് ബോധ്യമായാൽ മാത്രമേ വിദേശികൾക്ക് വിസ അനുവദിക്കൂ.