ആരോഗ്യ, പാരിസ്ഥിക മേഖലകളില്‍ മക്ക മുനിസിപ്പാലിറ്റിയുടെ നിരീക്ഷണം ശക്തമാക്കി
|മക്കയിലും പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യ പദാര്‍ഥങ്ങളും പൊതു ശുചിത്വവുമാണ് ശക്തമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്
വിശുദ്ധ മക്കയില്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ ആരോഗ്യ, പാരിസ്ഥിക മേഖലകളില്‍ മക്ക മുനിസിപ്പാലിറ്റിയുടെ നിരീക്ഷണം ശക്തമാക്കി. മക്കയിലും പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യ പദാര്‍ഥങ്ങളും പൊതു ശുചിത്വവുമാണ് ശക്തമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുതിയ നടപടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് മക്ക മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍ പറഞ്ഞു.
തീര്‍ഥാടകരുടെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്്. ഇതിന്‍െറ ഭാഗമായി ഹാട്ടലുകള്‍, ഭക്ഷണ ശാലകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കും. മക്കയിലും പരിസരങ്ങളിലുമായി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 33000 ത്തിലധികം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഹജ്ജ് വേളയില്‍ മിനയിലും മറ്റുമായി താല്‍ക്കാലിക ഭക്ഷ്യ കേന്ദ്രങ്ങളും നിലവില്‍ വരും. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിടികൂടുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധനക്ക് പ്രത്യേകം ലാബുകള്‍ സജ്ജമാണെന്നും മേയര്‍ പറഞ്ഞു. ശുചിത്വ പരിശോധനകള്‍ക്ക് മാത്രമായി 32 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ മക്ക മുനിസിപ്പാലിറ്റിയുടെ കീഴില്‍ പുണ്യ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കും.
മഴ, അഗ്നിബാധ പോലുള്ള അടിയന്തിരഘട്ടങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സംഘങ്ങള്‍ രംഗത്തുണ്ടാകും. വൈദ്യുതി, സോളാര്‍ എന്നിവ മുഖേന പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രങ്ങളും ഒരുക്കിയതായി ഡോ. ഉസാമ അല്‍ ബാര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ കൂട്ടത്തോടെ തങ്ങുന്ന മിനയില്‍ മാലിന്യ സംസ്കരണത്തിന് ഭൂഗര്‍ഭ ടാങ്കുകളും തയാറായതായി മേയര്‍ വ്യക്തമാക്കി. തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങളിലൂടെയുള്ള റോഡുകള്‍, പാലങ്ങര്, നടപ്പാതകള്‍ തുടങ്ങിയവ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്.