കുവൈത്തിൽ ടാക്സി കാബുകളുടെ മീറ്റർ പുതുക്കാൻ ഒരു മാസം സമയം
|കഴിഞ്ഞ ദിവസങ്ങളിൽ മീറ്ററിൽ താരിഫ് പുതുക്കാത്തതി ന്റെ പേരിൽ ടാക്സി ഡ്രൈവർമാരുടെ മേൽ ചുമത്തിയ പിഴ റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു
കുവൈത്തിൽ ടാക്സി കാബുകളുടെ മീറ്റർ പുതുക്കാൻ ആഭ്യന്തര മന്ത്രാലയം ഒരു മാസം സമയം അനുവദിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മീറ്ററിൽ താരിഫ് പുതുക്കാത്തതിന്റെ പേരിൽ ടാക്സി ഡ്രൈവർമാരുടെ മേൽ ചുമത്തിയ പിഴ റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ടാക്സി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയം വാഹന പരിശോധന ശക്തമാക്കിയിരുന്നു . മീറ്റർ അപ്‌ഡേറ്റിങ് ഏജൻസികളിലെ തിരക്ക് കാരണം നിരക്ക് പുതുക്കാൻ പലർക്കും സാധിച്ചിരുന്നില്ല .പഴയ നിരക്കിൽ ഓടുന്ന ടാക്സികൾ ട്രാഫിക് പോലീസ് പിടിച്ചെടുക്കാൻ തുടങ്ങയതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർ ദുരിതത്തിലായി . തിരക്ക് കാരണം ശുവൈഖിലെ മീറ്റർ അപ്‌ഡേറ്റിങ് ഏജൻസിക്കു മുന്നിൽ ബുധനാഴ്ച ഡ്രൈവർമാർ ബഹളം വെച്ചിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത് . താരിഫ് പുതുക്കാൻ സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ടാക്സി കമ്പനി പ്രതിനിധികള്‍കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. ഇതേ തുടർന്നാണ് അധികൃതർ ഇളവ് അനുവദിച്ചത് . നിലവിൽ മൂന്ന് ഏജൻസികള്‍ക്ക് മാത്രമാണ് ടാക്സികളുടെ മീറ്റര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുള്ളത് വിദേശ നിർമിത മീറ്ററുകളിൽ പുതിയ നിരക്കുകൾ ചേർക്കാൻ കൂടുതൽ ജീവനക്കാരില്ലാത്തതാണ് പല ഏജൻസികളുടെയും പ്രശ്നം . 18,000 ടാക്സികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി ടാക്സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നു.