Gulf
എണ്ണ വിലയിടിവ്; ഇറാന്റെ സഹകരണം അനിവാര്യമാണെന്ന് സൗദിഎണ്ണ വിലയിടിവ്; ഇറാന്റെ സഹകരണം അനിവാര്യമാണെന്ന് സൗദി
Gulf

എണ്ണ വിലയിടിവ്; ഇറാന്റെ സഹകരണം അനിവാര്യമാണെന്ന് സൗദി

Jaisy
|
7 May 2018 3:33 PM GMT

ഒപെക് കൂട്ടായ്മയിലെ ഓരോ രാജ്യത്തിനും നിശ്ചയിച്ച ക്വാട്ട അനുസരിച്ച് ഉല്‍പാദനം പരിമിതപ്പെടുത്തിയാല്‍ മാത്രമേ വില നിയന്ത്രണം സാധ്യമാവുകയുള്ളൂവെന്നും സൌദി വ്യക്തമാക്കി

എണ്ണ വിലയിടിവിന് തടയിടാന്‍ ഉല്‍പാദനം നിയന്ത്രിക്കുന്ന നീക്കം വിജയിക്കണമെങ്കില്‍ ഇറാന്റെ സഹകരണം അനിവാര്യമാണെന്ന് സൗദി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒപെക് കൂട്ടായ്മയിലെ ഓരോ രാജ്യത്തിനും നിശ്ചയിച്ച ക്വാട്ട അനുസരിച്ച് ഉല്‍പാദനം പരിമിതപ്പെടുത്തിയാല്‍ മാത്രമേ വില നിയന്ത്രണം സാധ്യമാവുകയുള്ളൂവെന്നും സൌദി വ്യക്തമാക്കി.

ഒപെക് കൂട്ടായ്മയില്‍ ഇറാന് നിശ്ചയിച്ച ദിനേന 36 ലക്ഷം ബാരല്‍ എന്ന ഉല്‍പാദന പരിധി ഇറാന്‍ പാലിക്കുകയാണെങ്കില്‍ സൗദിയും ഇതര ഗള്‍ഫ് രാജ്യങ്ങളും അതിന്റെ ഏറ്റവും കുറഞ്ഞ ക്വാട്ട പാലിക്കാന്‍ തയ്യാറാണ്. അള്‍ജീരിയയില്‍ ചേരുന്ന ഒപെകിന്റെ അനൗദ്യോഗിക യോഗത്തില്‍ ഈ വിഷയം അംഗരാജ്യങ്ങള്‍ക്ക് പുറത്തുള്ള റഷ്യയുമായി ചര്‍ച്ച ചെയ്യാനും സൗദി ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ തങ്ങളുടെ വിഹിതം പാലിക്കുന്നതില്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ ഈ പദ്ധതി വിജയിക്കുകയുള്ളൂ.

മധ്യവേനല്‍ കാലത്തെ അധിക ആവശ്യം പരിഗണിച്ച് ജൂണ്‍ മാസം മുതല്‍ സൗദി 10.67 ദശലക്ഷം ബാരല്‍ ദിനേന ഉല്‍പാദിപ്പിച്ചിരുന്നെങ്കിലും ഒപെക് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉല്‍പാദന നിയന്ത്രണത്തിന്റെ ഭാഗമായി സൗദി ദിനേന 10.2 ബാരല്‍ എന്ന ക്വാട്ടയിലേക്ക് കുറക്കാന്‍ സന്നദ്ധമാണ്. 2014 ജൂണില്‍ ക്രൂഡ് ഓയില്‍ ബാരലിന് 115 ഡോളറുണ്ടായിരുന്നത് 30നും 50നുമടിയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് ഉല്‍പാദന നിയന്ത്രണത്തെക്കുറിച്ച് ഒപെക് രാജ്യങ്ങള്‍ ഗൗരവമായി ആലോചിക്കുന്നത്. ഒപെകിന് പുറത്തുള്ള റഷ്യ പോലുള്ള രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചാല്‍ നവംബറില്‍ വിയന്നയില്‍ ചേരുള്ള ഒപെക് ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലത്തൊനാവുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.

Similar Posts